ആറു കിലോമീറ്ററിനപ്പുറം കാത്തിരുന്ന അപകടം: ആമി യാത്രയായത് സ്വന്തം സ്കൂളിന്റെ മുമ്ബില്‍നിന്ന്

നെടുങ്കണ്ടം : ആ ആറുകിലോമീറ്റര്‍ കൂടി കഴിഞ്ഞിരുന്നെങ്കില്‍ അവര്‍ സുരക്ഷിതരായി വീട്ടില്‍ എത്തുമായിരുന്നു…..
ഇന്നലെ ഓശാന ഞായറാഴ്ച്ച രാവിലെ ചേറ്റുകുഴി ഉണര്‍ന്നത് ദുരന്ത വാര്‍ത്തയുടെ ഞെട്ടലിലാണ്.
ഒരു കുടുംബത്തെയാകെ ദുഃഖത്തിലാഴ്ത്തിയ സംഭവത്തിന്റെ നടുക്കത്തില്‍നിന്നും വിട്ടുമാറാതെ നാട്ടുകാര്‍. ഇന്നലെ രാവിലെ ഏഴിന് കമ്ബത്തു നിന്നും കട്ടപ്പനയിലേക്ക് വന്ന കെ.എസ്.ആര്.ടി.സി. ബസും മലയാറ്റൂര്‍ തീര്‍ഥാടനം കഴിഞ്ഞെത്തിയ കുടുംബം സഞ്ചരിച്ച വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ മരണപ്പെട്ട ആമി എല്‍സ(5) പഠിക്കുന്ന മാര്‍ ഇവാനിയോസ് ബഥനി സ്കൂളിന് മുമ്ബിലാണ് അപകടം നടന്നത്. സ്കൂളിലെ എല്‍.കെ.ജി. വിദ്യാര്‍ഥിനിയാണ് ആമി. ഓശാന തിരുക്കര്‍മങ്ങളില്‍ ആയിരുന്നതിനാല്‍ വൈകിയാണ് സ്കൂള്‍ അധികൃതര്‍ അപകട വിവരമറിഞ്ഞത്. സ്കൂളിലെ കൊച്ചു മിടുക്കിയുടെ മരണവിവരം വിശ്വസിക്കാനാക്കാത്ത നിലയിലാണ് ഇവര്‍. ഇന്നലെ രാവിലെ ഏഴോടെ വലിയ ശബ്ദം കേട്ടാണ് അടുത്തുള്ള പലരും ഓടിയെത്തിയത്.
റോഡിലെത്തിയപ്പോള്‍ പലരും കണ്ടത് ബസില്‍ ഇടിച്ച് തകര്‍ന്ന് തരിപ്പണമായ വാന്‍. മുന്‍വശം പൂര്‍ണമായും തകര്‍ന്ന വാനില്‍ നിസഹായതയോടെ കുടുങ്ങിക്കിടക്കുന്നവരെ കണ്ടതോടെ പിന്നീട് ഒട്ടും വൈകാതെ നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം. അടുത്തുള്ള ജെ.സി.ബി എത്തിച്ച് ബസില്‍ കുരുങ്ങിയ വാന്‍ വേര്‍പെടുത്തി. അപ്പോഴേക്കും ഫയര്‍ഫോഴ്സും പോലീസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കിട്ടിയ വാഹനത്തില്‍ പരുക്കേറ്റവരെയെല്ലാം ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ ആമിയെ മാത്രം രക്ഷിക്കാന്‍ കഴിഞ്ഞില്ല.
സ്വന്തം സ്കൂളിന്റെ മുന്നില്‍ വച്ച് തന്നെ ആമി യാത്രയായത് പലരെയും ദുഃഖത്തിലാഴ്ത്തി. കഴിഞ്ഞ ദിവസമാണ് കമ്ബംമെട്ട് കാട്ടേഴത്ത് എബിയും കുടുംബവും മലയാറ്റൂര്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് പുറപ്പെട്ടത്.
തിരികെ വീട്ടിലെത്തുവാന്‍ ആറു കിലോമീറ്റര്‍ മാത്രം ശേഷിക്കേയാണ് ദുരന്തമുണ്ടായത്. സാരമായി പരുക്കേറ്റ എബി(32),ഭാര്യ അമലു(28), മകന് രണ്ടുവയസുകാരന് എയ്ഡന്‍ എന്നിവര്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. എബിയുടെ മാതാപിതാക്കളായ തങ്കച്ചന്(ജോസഫ് 61) മോളി (60) എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.





