
പാനൂർ : കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ പാനൂർ നഗരസഭയിലെ കരിയാട് മേഖല സന്ദർശിക്കാനെത്തിയ നഗരസഭ ചെയർമാൻ കെ. പി ഹാഷിം കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
പ്രദേശത്ത് നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു അദ്ദേഹം. കൗൺസിലർമാരോടൊപ്പം കരിയാട് എത്തിയപ്പോഴാണ് കാട്ടുപന്നി കുതിച്ചെത്തിയത്.
ഉടൻ കൂടെയുള്ളവർ ബഹളം വച്ച് കാട്ടുപന്നിയെ തുരത്തി. രാത്രി കാലങ്ങളിൽ കാട്ടുപന്നികൾ കൂട്ടത്തോടെയെത്തി കാർഷിക വിളകൾ നശിപ്പിക്കുന്നത് കാരണം കർഷകർ പ്രതിസന്ധിയിലായതോടെയാണ് നഗരസഭ ചെയർനഗരസഭ ചെയർമാൻ കെ.പി ഹാഷിം വാർഡ് കൗൺസിലർമാരായ എൻ.എ കരീം, അൻവർ കക്കാട്ട് ഉൾപ്പെടെയുള്ളവരെയും കൂട്ടി പ്രദേശത്തെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് അറിയാനെത്തിയത്.
കാട്ടുപന്നിയെ നേരിട്ട് കണ്ടതോടെ പ്രശ്ന പരിഹാരത്തിന് ഉടൻ പരിഹാരം കാണുമെന്നും ഷൂട്ടറെ കിട്ടാത്തതും ഫോറസ്റ്റ് അധികൃതരുടെ മെല്ലെ പോക്ക് സമീപനവും കാരണമാണ് കാട്ടു പന്നികളെ കൊന്നൊടുക്കാൻ വൈകുന്നതെന്നും, പ്രദേശവാസികളെ അധികാരികൾ അറിയിച്ചു.സംസ്ഥാന സർക്കാർ ആക്രമകാരികളായ കാട്ടുപന്നികളെ കൊല്ലുന്നതിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും പൂർണ്ണ ചെലവുകൾ അതത് പ്രദേശിക സർക്കാറുകൾ വഹിക്കണം.





