Ernakulam

വസ്തുവിന്‍റെ ക്രയവിക്രയത്തിൽ ആശങ്ക ; ബാങ്കുകള്‍ വായ്പ നിഷേധിക്കുന്നെന്ന് പരാതി

Please complete the required fields.




കൊച്ചി: സിൽവർ ലൈൻ പദ്ധതി പ്രദേശത്തെ ഭൂമി ഇടപാടുകള്‍ക്ക് തടസമില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുമ്പോഴും വസ്തുത മറിച്ചാണെന്നാണ് ജനങ്ങളുടെ അനുഭവസാക്ഷ്യം. കെ റെയില്‍ കല്ലിട്ട സ്ഥലങ്ങളില്‍ ബാങ്കുകള്‍ വായ്പ നിഷേധിക്കരുതെന്ന് മന്ത്രിമാരടക്കം പറയുന്നുണ്ടെങ്കിലും താഴെ തട്ടില്‍ ഇത് നടപ്പാകുന്നില്ല. തൃപ്പൂണിത്തുറ ബൈപാസിനായി 34 വർഷം മുൻപ് സര്‍ക്കാര്‍ കല്ലിട്ടു പോയ അതേമേഖലകളില്‍ കെറെയിലിനായും കല്ലു വീണതോടെ ഭൂമിയുടെ മുഴുവന്‍ ക്രയവിക്രയങ്ങളും സ്തംഭിച്ച കുറേ മനുഷ്യരുടെ ജീവിതാനുഭവങ്ങളും ഇവിടെ പ്രസക്തമാണ്.

സിൽവർ ലൈൻ വഴിയില്‍ അകപ്പെട്ടു പോയ തന്‍റെ വീടും പുരയിടവും ഒരത്യാവശ്യത്തിന് പണയം വയ്ക്കാന്‍ പോലുമാകില്ലെന്ന ഭയം പങ്കുവച്ചാണ് മാടപ്പളളിയിലെ ലൈല വര്‍ഗീസ് ഞങ്ങളുടെ ക്യാമറയ്ക്കു മുന്നില്‍ കണ്ണുനീരുതിര്‍ത്തത്. 26 ലക്ഷം രൂപയോളം ഇതോടകം ലൈലയുടെ ക്യാന്‍സര്‍ രോഗം ഭേദമാക്കാന്‍ ചെലവിട്ടു കഴിഞ്ഞു. സര്‍ക്കാരിടുന്ന മഞ്ഞകുറ്റിയില്‍ തട്ടി ഉളള കിടക്കാടത്തിന്‍റെ ക്രയവിക്രയം പോലും നിലച്ചാല്‍ ഇനിയെന്തു ചെയ്യുമെന്ന ഭീതിയില്‍ കഴിയുന്ന കുടുംബങ്ങളെ ഇനിയും കാണാം നിര്‍ദിഷ്ട കെ റെയില്‍ പാതയിലുടനീളം.

കൊച്ചി തേനി ദേശീയപാതയുടെ ഭാഗമായ തൃപ്പൂണിത്തുറ ബൈപ്പാസിനായി മൂന്ന് പതിറ്റാണ്ട് മുൻപ് സ്ഥലം വിട്ടുകൊടുത്തവരാണിവർ.പണം നൽകാതെ സ്ഥലം മരവിപ്പിച്ചിട്ട് 34 കൊല്ലമായി. ഇതേ പ്രദേശത്താണ് സിൽവർ ലൈനിനു വേണ്ടി കഴിഞ്ഞ ദിവസം വീണ്ടും മറ്റൊരു സർവേ നടത്തി കല്ലിട്ടത്.

ബൈപ്പാസിനായി സ്ഥലം മരവിപ്പിച്ചതിനാൽ സ്വന്തം ഭൂമി കൊണ്ട് ഒന്നും ചെയ്യാനാകാത്ത നിലയിലാണ് നാട്ടുകാർ.സർവേ നടന്നത് കൊണ്ട് വായ്പ കിട്ടാൻ തടസ്സമില്ലെന്ന് സർക്കാർ പറയുമ്പോൾ ഈ നാട്ടുകാരുടെ അനുഭവം മറിച്ചാണ്.

കെ റെയിൽ സർവ്വെ തുടങ്ങിയതോടെ ബാങ്ക് ഉദ്യോഗസ്ഥരും സ്ഥലങ്ങൾ പരിശോധിക്കാനെത്തിയതെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.ഇതോടെ വായ്പ്പകളും ക്രമവിക്രയവും കൂടുതൽ സങ്കീർണ്ണമാകുമെന്ന് ഇവർ പറയുന്നു.

Related Articles

Leave a Reply

Back to top button