
കണ്ണൂർ: വ്യാജ ലോൺ തട്ടിപ്പ് വഴി മാഹി സ്വദേശിയായ യുവതിക്ക് 40,000 രൂപ നഷ്ടമായി. ഇൻസ്റ്റഗ്രാമിൽ എസ്.ബി.ഐ ലോൺ പേജിന്റെ പരസ്യം കണ്ട യുവതി അതിൽ ക്ലിക്ക് ചെയ്തപ്പോൾ ഒരു വാട്സ് ആപ്പ് പേജാണ് തുറന്നുവന്നത്. തുടർന്ന് വാട്സ് ആപ്പിൽ രണ്ട് ലക്ഷം രൂപ വായ്പ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ പാൻ കാർഡും ആധാർ കാർഡിന്റെയും ഫോട്ടോയും അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു.
വായ്പ അംഗീകരിക്കണമെങ്കിൽ 10,000 രൂപ അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. പിന്നീട് യുവതി ഈ പണം അയച്ചു കൊടുത്തതിനു ശേഷം വായ്പഅനുവദിച്ചിട്ടുണ്ടെന്നും അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിനായി ബാങ്ക് വിവരങ്ങൾ അയക്കാനും ആവശ്യപ്പെട്ടു.
യുവതി അവരെ വിശ്വസിച്ച് ബാങ്ക് വിവരങ്ങൾ അയച്ചു കൊടുത്തു. ശേഷം അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ആവുന്നില്ലെന്നും അയച്ചു കൊടുത്ത അക്കൗണ്ട് തെറ്റാണെന്നും അതുകൊണ്ട് പിഴയായി 30,000 രൂപ അടക്കണമെന്നും പറഞ്ഞു. പിഴ അടച്ചതിനു ശേഷം യുവതിയുടെ അക്കൗണ്ടിൽ ബാലൻസ് എത്ര ഉണ്ടെന്ന് അറിയിക്കാൻ തട്ടിപ്പുകാർ ആവശ്യപ്പെട്ടു. യുവതി ബാലൻസ് ഒന്നുമില്ലെന്ന് അറിയിച്ചപ്പോൾ അക്കൗണ്ടിൽ മിനിമം ബാലൻസ് 20,0000 വേണമെന്ന് പറഞ്ഞപ്പോഴാണ് ഓൺലൈൻ തട്ടിപ്പാണെന്ന് യുവതിക്ക് മനസ്സിലായത്.
ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാണെന്നും ജാഗ്രത വേണമെന്നും പൊലീസ് അറിയിച്ചു. ഓഹരി വിപണിയിൽ നിക്ഷേപിച്ച് കൂടുതൽ പണം സമ്പാദിക്കാമെന്ന ഫേസ് ബുക്ക് പരസ്യത്തിലെ നമ്പറിൽ ബന്ധപ്പെട്ട യുവാവിന് കഴിഞ്ഞദിവസം 41 ലക്ഷം രൂപ നഷ്ടമായിരുന്നു. പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





