
ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന പുതിയ ന്യൂനമർദത്തിന്റെ ഫലമായി മെയ് 11 മുതൽ അടുത്ത ഒരാഴ്ചത്തേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി. ഇതിന്റെ സ്വാധീനത്താൽ കേരളം, തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നീ പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ, മെയ് 11 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ മലയോര മേഖലകളിൽ മഴയ്ക്കൊപ്പം മഞ്ഞുവീഴ്ചയും ഉണ്ടായേക്കാം. പടിഞ്ഞാറൻ അസ്വസ്ഥതയുടെയും ന്യൂനമർദത്തിന്റെയും സംയുക്ത ഫലമായാണ് ഈ കാലാവസ്ഥാ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നത്.
മെയ് 11, 12 തീയതികളിൽ ജമ്മു കശ്മീരിലും, മെയ് 12, 13 തീയതികളിൽ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ആലിപ്പഴ വീഴ്ചയ്ക്ക് സാധ്യതയുണ്ട്. മഴയുടെ സ്വാധീനം സമതലങ്ങളിലേക്കും വ്യാപിക്കുന്നതോടെ മെയ് 12 മുതൽ 14 വരെ പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ മഴ ലഭിച്ചേക്കും.
കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ആഴ്ചയിലുടനീളം ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. മെയ് 14, 15 തീയതികളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ കാലയളവിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഒഡീഷ, ബിഹാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത.
ഉത്തരേന്ത്യയിലും കിഴക്കേ ഇന്ത്യയിലും ശക്തമായ കാറ്റിന് മുന്നറിയിപ്പ് നിലനിൽക്കുമ്പോഴും പടിഞ്ഞാറൻ ഇന്ത്യയിൽ കടുത്ത ഉഷ്ണതരംഗം തുടരുമെന്നാണ് പ്രവചനം. രാജസ്ഥാനിലും ഗുജറാത്തിലും വരും ദിവസങ്ങളിൽ ഉഷ്ണതരംഗമുണ്ടാകുമെന്ന് ഐ.എം.ഡി മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജസ്ഥാനിലെ ഫലോദിയിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്.





