India

ചിപ്പുകൾ മുതൽ കപ്പലുകൾ വരെ ഇന്ത്യയിൽ നിർമ്മിക്കപ്പെടണം’; ഐ.ഐ.ടി ദില്ലി ബിരുദദാന ചടങ്ങിൽ യുവാക്കളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി

Please complete the required fields.




ദില്ലി: ജീവിതത്തിൽ എപ്പോഴും ജിജ്ഞാസ നിലനിർത്താനും പുതിയ കാര്യങ്ങൾ നിരന്തരം പഠിച്ചുകൊണ്ടിരിക്കാനും യുവതലമുറ തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐ.ഐ.ടി ദില്ലിയുടെ 57-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശരിയാണെന്ന് വിശ്വസിച്ച് അംഗീകരിച്ച കാര്യങ്ങളെപ്പോലും ചോദ്യം ചെയ്യാനും സംശയങ്ങൾ ഉന്നയിക്കാനും, അതിനുമപ്പുറം അവയ്ക്ക് പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്താനുമുള്ള ധൈര്യം ബിരുദധാരികൾ കാണിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ലോകം അതിവേഗത്തിലാണ് മാറിക്കൊണ്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. സാങ്കേതികവിദ്യ, വ്യവസായങ്ങൾ, തൊഴിൽ മേഖലകൾ, ആഗോള ശക്തിസമവാക്യങ്ങൾ എന്നിവയെല്ലാം വേഗത്തിൽ മാറിമറിയുമ്പോൾ വരാനിരിക്കുന്ന 20-30 വർഷങ്ങളിൽ എന്താണ് സംഭവിക്കുകയെന്ന് കൃത്യമായി പ്രവചിക്കുക അസാധ്യമാണ്. എന്നാൽ നിരന്തരം പുതിയ കാര്യങ്ങൾ അഭ്യസിക്കാനുള്ള കഴിവ് എപ്പോഴും പ്രസക്തമായിരിക്കും. തുടർപഠനം ജീവിതശൈലിയാക്കുന്നവർക്ക് മാത്രമേ മാറുന്ന ലോകത്ത് വിജയിക്കാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

സ്റ്റാർട്ടപ്പ് വിപ്ലവവും ഇന്ത്യയുടെ ഭാവിയും

ഇന്ത്യയിലെ സ്റ്റാർട്ടപ്പ് മുന്നേറ്റത്തിന് കരുത്തുപകരുന്നതിൽ യുവതലമുറ വഹിച്ച പങ്ക് വളരെ വലുതാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഐ.ഐ.ടി ദില്ലിയിൽ നിന്ന് നിരവധി മികച്ച യുവ സംരംഭകർ ഉയർന്നു വന്നിട്ടുണ്ട്. ഒരു സ്ഥാപനത്തിന് ഇത്ര വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെങ്കിൽ, രാജ്യമൊട്ടാകെയുള്ള യുവശക്തിക്ക് എന്തെല്ലാം അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് ചിന്തിച്ചുനോക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

സെമികണ്ടക്ടർ നിർമ്മാണ രംഗത്ത് ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങളെ പ്രശംസിച്ച പ്രധാനമന്ത്രി, “ചിപ്പുകൾ മുതൽ കപ്പലുകൾ വരെ ഭാവിയിൽ എല്ലാം നിങ്ങളുടെ കൈകളാൽ ഇന്ത്യയിൽ തന്നെ നിർമ്മിക്കപ്പെടുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു” എന്ന് കൂട്ടിച്ചേർത്തു.

വലിയ വെല്ലുവിളികളെയും പ്രതിസന്ധികളെയും കണ്ടു ഭയപ്പെടാതെ അവയെ ചെറിയ ഭാഗങ്ങളായി തിരിച്ച് പരിഹാരം കണ്ടെത്താൻ ശ്രമിക്കണം. വരുന്ന 30-35 വർഷങ്ങൾ ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിൽ നിർണായകമാണ്. ബിരുദം നേടി പുറത്തിറങ്ങുന്ന ഓരോരുത്തരും എടുക്കുന്ന തീരുമാനങ്ങൾ രാജ്യത്തിന് എങ്ങനെയെല്ലാം പ്രയോജനപ്പെടുമെന്ന് ചിന്തിക്കണം. പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റാനുള്ള ധൈര്യമാണ് യുവത കാണിക്കേണ്ടതെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

Related Articles

Back to top button