
പാലക്കാട് : തൂത-മുണ്ടൂർ സംസ്ഥാന പാതയിൽ അന്തർ സംസ്ഥാന സ്വകാര്യ ബസ് മറിഞ്ഞ് 17 യാത്രക്കാർക്ക് പരിക്ക്. പാറശ്ശേരി മൂകാംബിക ക്ഷേത്രത്തിനടുത്ത് പെരിങ്ങോടാണ് അപകടം. നിറയെ യാത്രക്കാരുമായി വന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഞായറാഴ്ച രാത്രി 11ഓടെയാണ് സംഭവം. ബസ് അര മണിക്കൂറിനകം ക്രെയിൻ ഉപയോഗിച്ച് ഉയർത്തി ബസ്സിനടിയിൽപ്പെട്ട യാത്രക്കാരെ ഉടനടി പുറത്തെടുത്ത് മണ്ണാർക്കാട്ടെയും പാലക്കാട്ടെയും ആശുപത്രികളിൽ എത്തിച്ചു. അഗ്നിരക്ഷ സേനയുടെ സാന്നിധ്യവും അവസരോചിതമായ ഇടപെടലും രക്ഷാപ്രവർത്തം ഫലപ്രദമാക്കി.
ഞായറാഴ്ച രാത്രി 10.40നാണ് അപകടം. കോഴിക്കോട്-ചെന്നൈ റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. ആരുടേയും പരിക്ക് സാരമുള്ളതല്ല. നിസ്സാര പരിക്കുള്ളവർക്ക് കോങ്ങാട് ക്ലിനിക്കിൽ പ്രഥമ ശുശ്രൂഷ നൽകി. അഞ്ച് പേരെ മണ്ണാർക്കാട്ടെയും പാലക്കാട്ടെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന സ്ഥലം ജനസാന്ദ്രത കുറഞ്ഞ സ്ഥലമാണ്. അഗ്നിരക്ഷസേന വെളിച്ച സൗകര്യമൊരുക്കി നേരം പുലരും വരെ ക്യാമ്പ് ചെയ്ത് മറ്റ് അപകടങ്ങൾ ഒഴിവാക്കി.





