അസഭ്യം വിളിച്ചത് ചോദ്യം ചെയ്തു ; ബൈക്ക് യാത്രികനെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച രണ്ടുപേര്‍ പിടിയിൽ

കൊല്ലം: കടയ്ക്കലിൽ ബൈക്ക് യാത്രികനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ് . രണ്ടുപേര്‍ പിടിയിൽ. അഞ്ചൽ കോട്ടുക്കൽ സ്വദേശികളായ വിപിൻ, മുഹമ്മദ് ഷഹദ് എന്നിവരാണ് അറസ്റ്റിലായത് . കഴിഞ്ഞ പതിനൊന്നാം തീയതി ആനപ്പുഴക്കൽ വെച്ചാണ് ബൈക്ക് യാത്രികനെ പ്രതികൾ അക്രമിച്ചത്.
രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന അഞ്ചൽ സ്വദേശി രാധാകൃഷ്ണനെ ഇരുവരും ചേര്‍ന്ന് കമ്പിവടി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
പ്രതികൾ അസഭ്യം വിളിച്ചത് ചോദ്യം ചെയ്തതാണ് അക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു . ബൈക്കിൽ നിന്നും വീണ രാധാകൃഷ്ണനെ പ്രതികൾ ക്രൂരമായി മര്‍ദ്ദിച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പ്രതികൾ കടന്നു കളഞ്ഞു. രാധാകൃഷ്ണൻ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കോട്ടുക്കലിൽ നിന്നുമാണ് പ്രതികളെ കണ്ടെത്തിയത്. പിടിയിലായ വിപിൻ കാപ്പ പ്രകാരം ശിക്ഷ കഴിഞ്ഞിറങ്ങിയത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. വധ ശ്രമത്തിനാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.





