
കോഴിക്കോട് : മാവൂർറോഡിലെ കെ.എസ്.ആർ.ടി.സി. ടെർമിനൽ ബലപ്പെടുത്തൽ വൈകുമെന്ന് സൂചന. തൂണുകൾ ബലപ്പെടുത്തുമ്പോൾ അടിത്തറയെ എത്രമാത്രം ബാധിക്കുമെന്നുകൂടി പരിശോധിക്കണമെന്ന് ഐ.ഐ.ടി. സംഘം നിർദേശം മുന്നോട്ടുവെച്ചുയെന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യം ഓഗസ്റ്റ് 10-ന് ഗതാഗതമന്ത്രി പങ്കെടുക്കുന്ന യോഗത്തിൽ തീരുമാനിക്കും.
ടെർമിനൽ ബലപ്പെടുത്താൻ 30 കോടിയോളം വരുമെന്നാണ് വിലയിരുത്തൽ. വെള്ളിയാഴ്ച എസ്റ്റിമേറ്റ് സമർപ്പിക്കുമെന്ന് ഉറപ്പുനൽകിയെങ്കിലും ലഭിച്ചില്ലെന്നാണ് ഗതാഗതവകുപ്പ് പറയുന്നത്. 90 ശതമാനം തൂണുകൾക്കും ബലക്ഷയമുണ്ടെന്നായിരുന്നു ആദ്യത്തെ കണ്ടെത്തൽ. എന്നാൽ, 70 ശതമാനം തൂണുകൾക്കേ കാര്യമായ ബലക്ഷയമുള്ളൂ എന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.
ബലപ്പെടുത്തൽ ഏതുരീതിയിൽ വേണമെന്ന് ഓഗസ്റ്റ് 10-ന് ചേരുന്ന യോഗത്തിൽ തീരുമാനിക്കും. അതിനുശേഷമാണ് ടെൻഡർ നടപടികളിലേക്ക് കടക്കുക. മദ്രാസ് ഐ.ഐ.ടി. എംപാനൽ ചെയ്ത കരാറുകാർക്ക് മാത്രമേ പങ്കെടുക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ട് ടെൻഡർ നടപടികൾ വൈകില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. ആറുമാസത്തോളമെങ്കിലും ബലപ്പെടുത്തൽ തുടരും. ബസ് സർവീസ് മറ്റൊരിടത്തേക്ക് മാറ്റേണ്ടിവരും. ഇക്കാര്യത്തിലും 10-ന് ചേരുന്ന യോഗത്തിൽ തീരുമാനമുണ്ടാകും.





