Wayanad

നിറഞ്ഞ മനസ്സോടെ അദീല മടങ്ങുന്നു; വയനാടിന്‍റെ മണ്ണും മനസും കീഴടക്കി

Please complete the required fields.




കൽപറ്റ: കോവിഡ് മഹാമാരിയുടെ കാലത്ത് വയനാടിന് രക്ഷാകവചമൊരുക്കിയ ഡോ. അദീല അബ്​ദുല്ല ചുരമിറങ്ങുന്നത് നിറഞ്ഞ ചാരിതാര്‍ഥ്യത്തോടെ. ആദിവാസി ജനവിഭാഗങ്ങളുടെയും കര്‍ഷക ജനതയുടെയും നിറസാന്നിധ്യം കൊണ്ട് സമ്പന്നമായ മലയോര ജില്ലയുടെ ഭരണ സംവിധാനം 22 മാസം നിയന്ത്രിച്ച ജില്ലാ കലക്ടര്‍ ഡോ. അദീല അബ്​ദുല്ല സിവില്‍ സര്‍വീസിന്‍റെ പുതിയ പടവുകള്‍ കയറുമ്പോള്‍ ജില്ലക്ക്​ ഓര്‍ത്തുവെക്കാന്‍ നേട്ടങ്ങളേറെ.

മഹാപ്രളയം നാശം വിതച്ച 2019ലെ നവംബര്‍ ഒമ്പതിനായിരുന്നു ഡോ. അദീല ജില്ല കലക്ടറായി എത്തിയത്. പുത്തുമല ഉരുള്‍പൊട്ടൽ പുനരധിവാസമായിരുന്നു ആദ്യ വെല്ലുവിളി. തുടര്‍ന്ന് മാസങ്ങള്‍ക്കകം വന്ന കോവിഡ് മഹാമാരിയുടെയും ലോക്ഡൗണിന്‍റെയും ഒന്നും രണ്ടും ഘട്ടങ്ങളും 2020ലെ പ്രളയവും മുണ്ടക്കൈ ഉരുള്‍പൊട്ടലും രണ്ട് പൊതുതെരഞ്ഞെടുപ്പുകളും വിജകരമായി കൈകാര്യം ചെയ്താണ് വെല്ലുവിളികള്‍ നിറഞ്ഞ 22 മാസങ്ങള്‍ കടന്നു പോയത്.

കോവിഡ് മഹാമാരി ഫലപ്രദമായി നേരിടുന്നതിലും വേറിട്ട പ്രതിരോധം കാഴ്ച വെക്കുന്നതിലും ഡോക്ടര്‍ കൂടിയായ അദീലയുടെ ഇടപെടലുകള്‍ സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. രണ്ട് സംസ്ഥാനങ്ങളും കേരളത്തിലെ മൂന്ന് ജില്ലകളും അതിര്‍ത്തി പങ്കിടുന്ന, വിനോദസഞ്ചാരികളുടെ പറുദീസയാണ് വയനാട്. ഇവിടത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, രണ്ട് ലോക്ഡൗണുകള്‍, കണ്ടെയ്​ൻമെന്‍റ്​- മൈക്രോ കണ്ടെയ്​ൻമെന്‍റ്​ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഏകോപനം വെല്ലുവിളി നിറഞ്ഞതായിരുന്നു.

ഫലപ്രദമായ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആയിരക്കണക്കിനു ആദിവാസി കോളനികളുള്ള ജില്ലയെ വലിയ വിപത്തില്‍ നിന്ന് രക്ഷിച്ചു. ആദ്യഘട്ടത്തില്‍ ഇവിടെ കേസുകള്‍ വളരെ കുറവായിരുന്നു. ആശുപത്രികളിലെ സൗകര്യങ്ങളും ഫസ്റ്റ് ലൈന്‍- സെക്കന്‍ഡ് ട്രീറ്റ്‌മെന്‍റ്​ സെന്‍ററുകളും കോവിഡ് കെയര്‍ സെന്‍ററുകളും ഡൊമിസിലറി കെയര്‍ സെന്‍ററുകളും ഒരുക്കുന്നതിലും ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിനുള്ള വാര്‍ റൂം പ്രവര്‍ത്തനത്തിലും ജില്ല മികവു തെളിയിച്ചു. ലോക്ഡൗണ്‍ കാലയളവില്‍ സ്‌പോണ്‍സര്‍ഷിപ്പ്​ വഴി ആദിവാസി ഊരുകളില്‍ ഉള്‍പ്പെടെ ജില്ലയില്‍ വ്യാപകമായി സഹായമെത്തിക്കാന്‍ കലക്ടര്‍ മുന്‍കയ്യെടുത്തു.

വാക്‌സിനേഷന്‍ രംഗത്തും സംസ്ഥാനത്ത് ഏറ്റവും നേട്ടം കൈവരിച്ച ജില്ലയാകാന്‍ കഴിഞ്ഞതിനു പിന്നില്‍ അദീലയുടെ നേതൃശേഷി പ്രകടമായി. 18 നു മുകളില്‍ പ്രായമുള്ളവരില്‍ സമ്പൂര്‍ണ ആദ്യ ഡോസ് വാക്‌സിനേഷന്‍ നടപ്പാക്കിയ ആദ്യ ജില്ലയായി വയനാട് മാറി. രണ്ടാം ഡോസ് വാക്‌സിനേഷനും ഊര്‍ജിതമായി പുരോഗമിക്കുന്നു.

Related Articles

Leave a Reply

Back to top button