
കൊച്ചി: എന്‍ പ്രശാന്ത് ഐഎഎസിനെതിരെ എഫ്ഐര്‍ആര്‍ രജിസ്റ്റര്‍ ചെയ്തു. സത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിനാണ് കേസെടുത്തത്. മാതൃഭൂമി റിപ്പോര്‍ട്ടര്‍ പ്രവിതയോട് മോശമായി പെരുമാറിയതിനാണ് കേസ്. പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. ആഴക്കടല്‍ കരാര്‍ വിവാദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ചപ്പോള്‍ വാട്സ്പ്പിലൂടെ മോശമായി പെരുമാറിയെന്നാണ് പരാതി. പ്രാഥമിക അന്വേഷണത്തില്‍ കുറ്റകൃത്യം നടന്നതായി തെളിഞ്ഞെന്ന് എഫ്ഐആറില്‍ പറയുന്നു.
ആഴക്കടൽ മത്സ്യബന്ധനവിവാദവുമായി ബന്ധപ്പെട്ട് കെഎസ്ഐഎൻസി (കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ) എംഡിയായ എൻ പ്രശാന്തിനോട് പ്രതികരണം തേടിയ മാധ്യമപ്രവർത്തകയ്ക്കാണ് മോശം അനുഭവമുണ്ടായത്. മാതൃഭൂമി പത്രത്തിന്റെ കൊച്ചി യൂണിറ്റിലെ മാധ്യമപ്രവർത്തകയായ കെ പി പ്രവിതയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് എൻ പ്രശാന്ത് അശ്ലീലച്ചുവയുള്ള തരം സ്റ്റിക്കറുകള്‍ അയച്ചത്.
പത്രത്തിലൂടെ ഇത് വാർത്തയാവുകയും, ചാറ്റ് സ്ക്രീൻഷോട്ടുകൾ പുറത്തുവരികയും ചെയ്തപ്പോൾ, മാധ്യമപ്രവർത്തകരും അല്ലാത്തവരും അടക്കം നിരവധിപ്പേരാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. സംഭവം വിവാദമായതിനെത്തുടർന്ന്, എൻ പ്രശാന്തല്ല താനാണ് മറുപടികൾ അയച്ചതെന്ന് പറഞ്ഞ് ഭാര്യ ലക്ഷ്മി പ്രശാന്ത് രംഗത്തെത്തുകയും ചെയ്തിരുന്നു. നമ്പറെടുത്ത് ആദ്യം വിളിച്ചപ്പോൾ പ്രതികരണമില്ലെന്ന് കണ്ടപ്പോഴാണ്, വാട്സാപ്പിലൂടെ സന്ദേശമയച്ചതെന്ന്, പത്രത്തിൽ നൽകിയ വാർത്തയിൽ ലേഖിക പറയുന്നു.





