വൃഷ്ടി പ്രദേശത്ത് കനത്ത മഴ: മലമ്പുഴ ഡാം തുറന്നു, കൽപ്പാത്തിപ്പുഴയിലും ഭാരതപ്പുഴയിലും ജലനിരപ്പുയരും

പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് മലമ്പുഴ ഡാമിൻ്റെ നാല് ഷട്ടറുകളും തുറന്നു. വൃഷ്ടി പ്രദേശത്ത് കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലാണ് ജലനിരപ്പ് ക്രമീകരിക്കാനായി മലമ്പുഴ ഡാമിൻ്റെ നാല് ഷട്ടറുകൾ മുപ്പത് സെമീ തുറന്നത്. ഡാം തുറന്ന സാഹചര്യത്തിൽ കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവിടങ്ങളിൽ നീരോഴുക്ക് കൂടും. ജല നിരപ്പും ഉയരും, പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
കനത്ത മഴയില്‍ മാവൂരിൽ വിവാഹ സത്കാരം നടന്ന ഓഡിറ്റോറിയത്തിലേക്ക് വെളളം ഇരച്ചുകയറി. വിവാഹം നടക്കുന്ന കൺവെൻഷൻ സെൻ്റിലേക്ക് വെളളം ഇരച്ചു കയറിയതോടെ വിവാഹത്തിനായി തയ്യാറാക്കിയ ഭക്ഷണമടക്കം നശിച്ചു. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറിയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞ് വീണാണ് മലവെളളം ഒഴുകിയെത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഫാക്ടിയിൽ വൻതോതിൽ ജലം കെട്ടിക്കിടന്നതോടെയാണ് ഭാരം താങ്ങാനാവാതെ മതിൽ ഇടിഞ്ഞു വീണതും കൺവഷണൻ സെൻ്ററിലെ അടുക്കളയിലേക്ക് കല്ലു മണ്ണും കുത്തി ഒലിച്ചെത്തിയതും. അടുക്കള കൂടാതെ ഭക്ഷണം വിളുമ്പുന്ന ഹാളിലും വെള്ളം കയറി. മാവൂർ പുളിക്കണ്ടി സ്വദേശിയുടെ വിവാഹം നടന്ന് കൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം.
അതേസമയം ഇന്നലെ രാത്രി മുതൽ കോഴിക്കോട് അടക്കമുള്ള വടക്കൻ ജില്ലകളിൽ കനത്ത മഴയാണ് പെയ്യുന്നത്. ഇനിയുള്ള മണിക്കുറുകളിലും മഴ തുടരും എന്നാണ് പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടുന്നുണ്ട്. വടക്കൻ ജില്ലകളിൽ തന്നെയാണ് കൂടുതൽ മഴ സാധ്യത. തീരമേഖലകളിൽ മഴ ശക്തമായേക്കും. ആറ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. അറബിക്കടലിലെ ഇരട്ട ന്യൂനമർദ്ദമാണ് മഴ ശക്തമായി തുടരാൻ കാരണം. എന്നാൽ ഇനിയുള്ള ദിവസങ്ങളിൽ മഴയുടെ ശക്തി കുറയാനാണ് സാധ്യത. രൂക്ഷമായ കടലാക്രമണ മുന്നറിയിപ്പുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.





