ദേശീയപാത ഉദ്ഘാടന വിവാദം: ‘സിപിഐഎമ്മിന് രാഷ്ട്രീയ വിവാദങ്ങൾ ആവശ്യമാണ്, ആരെയൊക്കെ വിളിക്കണമെന്ന് സർക്കാർ പറയണമായിരുന്നു

തൃശ്ശൂർ: ദേശീയപാത 66-ന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത് രാഷ്ട്രീയ വിവാദമായിരിക്കെ, മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി.ഉദ്ഘാടന പരിപാടി സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ആരെയൊക്കെ വിളിക്കണമെന്ന് സർക്കാർ പറയണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിൽ നടത്തുന്ന പദ്ധതികളുടെ ഉദ്ഘാടനം തന്നെയും അറിയിക്കാറില്ല.
അങ്ങനെയെങ്കിൽ താൻ എത്ര സമാന്തര ഉദ്ഘാടനങ്ങൾ നടത്തേണ്ടി വരുമെന്നും സുരേഷ് ഗോപി ചോദിച്ചു. നിലവിലെ അവകാശവാദങ്ങൾ രാഷ്ട്രീയമായി മാത്രം കണ്ടാൽ മതി. സിപിഐഎമ്മിന് രാഷ്ട്രീയ വിവാദങ്ങൾ ആവശ്യമാണ്.
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രചാരണം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പരിപാടിയ്ക്ക് എത്തിയപ്പോൾ കേന്ദ്രമന്ത്രിയായിട്ടും തന്നെയും ദേഹപരിശോധന നടത്തിയെന്നും നാല് സ്ഥലത്താണ് ആധാർ കാർഡ് ചോദിച്ചതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.ജി സുധാകരനുമായി നിരന്തരം താൻ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. സുധാകരന് യോഗ്യമല്ലാത്ത വേദന പാർട്ടി അടിച്ചേൽപ്പിക്കുന്നു എന്നറിഞ്ഞപ്പോഴൊക്കെ വിളിച്ചിട്ടുണ്ട്. പാർട്ടിയിൽനിന്ന് പ്രതിസന്ധി നേരിടുന്നു എന്നറിഞ്ഞിട്ടാണ് സുധാകരനെ താൻ വിളിക്കാറുള്ളത്.
സുധാകരനെ കേരളത്തിലെ ജനങ്ങൾക്കറിയാം. സുധാകരന് ബിജെപി പിന്തുണ നൽകണം എന്ന് പാർട്ടിയോട് പറയാൻ തനിക്കാവില്ല. പല പ്രതിസന്ധികളിലും അദ്ദേഹത്തെ താൻ വിളിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.





