
കോഴിക്കോട് : കായിക പ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ നൽകണമെന്നു കേന്ദ്ര മന്ത്രി അനുരാഗ് സിങ് ഠാക്കൂർ പറഞ്ഞു. രാജ്യാന്തര തലത്തിൽ മികവ് പുലർത്തിയ കായികതാരങ്ങളെ ആദരിക്കാൻ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു. ഇന്ത്യയിൽ പശ്ചാത്തല സൗകര്യങ്ങൾ ധാരാളം ഉണ്ട്. എന്നാൽ ആവശ്യത്തിനു പരിശീലകർ ഇല്ലാത്ത സ്ഥിതിയുണ്ട്. 5000 നീന്തൽ കുളങ്ങൾ ഉള്ളപ്പോൾ 50 നല്ല പരിശീലകർ ഇല്ലാത്ത അവസ്ഥയാണ്. നല്ല പരിശീലകർ ഉണ്ടായാൽ മാത്രമേ കായിക പ്രതിഭകളെ സൃഷ്ടിക്കാൻ കഴിയൂ. സ്പോർട്സ് സംസ്ഥാനത്തിന്റെ വിഷയമാണ്. വിവരങ്ങൾ ആരായുമ്പോൾ മാസങ്ങൾ എടുക്കുന്ന സ്ഥിതി ഉണ്ടെന്നു മന്ത്രി പറഞ്ഞു. 2032 ലെ ഒളിംപിക്സിൽ മെഡൽ പട്ടികയിൽ ആദ്യ 10 രാജ്യങ്ങളിൽ ഒന്നായി ഇന്ത്യൻ കായികരംഗത്തെ വളർത്തുകയാണു ലക്ഷ്യമെന്നു മന്ത്രി വിശദീകരിച്ചു.
കോഴിക്കോട് സായ് സെന്ററിന്റെ പോരായ്മകൾ പഠിക്കും. മലബാർ കായികപ്രതിഭകളെ വാർത്തെടുത്ത നാടാണ്. ഒളിംപ്യൻ അബ്ദുറഹ്മാനെയും ജിമ്മി ജോർജിനെയും മന്ത്രി അനുസ്മരിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷ് ആധ്യക്ഷ്യം വഹിച്ചു. സായ് ദക്ഷിണേന്ത്യൻ ഡയറക്ടറും തിരുവനന്തപുരം എൽഎൻസിപിഇ പ്രിൻസിപ്പലുമായ ഡോ.ജി.കിഷോർ, പി.ടി.ഉഷ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു. പി.ടി.ഉഷ, ജോബി മാത്യു, ടോം ജോസഫ്, ഇബ്രാഹിം ചീനിക്ക, കെ.പി.സേതുമാധവൻ, പ്രേംനാഥ് ഫിലിപ്പ്, ഹാരിസ് റഹ്മാൻ തുടങ്ങി 38 കായികതാരങ്ങളെ ആദരിച്ചു.





