Kozhikode

മാലിന്യ സംസ്കരണ പ്ലാന്റ് വിഷയം നിയമസഭയിലേക്ക്

Please complete the required fields.




കോഴിക്കോട് : വെള്ളയിൽ ആവിക്കൽ തോട് പ്രദേശത്തു ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം നിയമസഭയിലേക്ക്. ഇന്ന് നിയമസഭയിൽ ഇതു സംബന്ധിച്ച് യുഡിഎഫ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ജനകീയ സമര സമിതിക്കു ഉറപ്പു നൽകി. ആവിക്കൽ തോട് പ്രദേശത്തെ ജനങ്ങളുടെ പ്രയാസങ്ങളും കഴിഞ്ഞ ദിവസം ഇവിടെ നടന്ന ലാത്തിചാർജും അതുകാരണം പ്രദേശവാസികൾക്കുണ്ടായ പ്രയാസങ്ങളും എം.കെ.മുനീർ എംഎൽഎ പ്രതിപക്ഷ നേതാവിനെ ബോധ്യപ്പെടുത്തി. ജനദ്രോഹ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്ന ഭരണാധികാരികളെ ഇക്കാര്യം ബോധ്യപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉറപ്പു നൽകി. 

ജില്ലാ യുഡിഎഫ് പ്രതിനിധികളായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം.ജിഷാൻ, ജനകീയ സമര സമിതി ചെയർമാൻ ടി.ദാവൂദ് എന്നിവരും എം.കെ.മുനീർ എംഎൽഎ യ്ക്കൊപ്പം പ്രതിപക്ഷ നേതാവുമായി ചർച്ച നടത്തി. സമര പരിപാടിയുടെ ഭാഗമായി ഇന്നലെ ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് ഉദ്ഘാടകനായ വേദിയിലേക്കു ആവിക്കൽ തോട് മാലിന്യ പ്ലാന്റ് ജനകീയ സമരസമിതി മാർച്ച് നടത്തി. ഗാന്ധി റോഡിൽ മിൽമ സെന്റർ ഉദ്ഘാടനത്തിന് എത്തുന്ന ഡപ്യൂട്ടി മേയറെ ഉപരോധിക്കാനാണു മാർച്ച് നടത്തിയത്. മാർച്ച് പൊലീസ് തടഞ്ഞു. 

അതിനിടയിൽ പൊലീസും സമരസമിതി പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഡപ്യൂട്ടി മേയർ ഉദ്ഘാടനം നടത്തി പോയ ശേഷം സമരസമിതി പ്രവർത്തകർ പ്രകടനമായി ആവിക്കലിലേക്കു മടങ്ങി. ആവിക്കൽ സമരത്തിൽ തീവ്രസ്വഭാവമുള്ള ആളുകൾ കടന്നുകൂടി എന്ന ഡപ്യൂട്ടി മേയറുടെ പരാമർശത്തിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധ മാർച്ച്. തൽഹത്ത് വെള്ളയിൽ മാർച്ച് ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ എൻ.പി.ഇർഫാൻ ഹബീബ്, എൻ.പി.മുനീർ മരയ്ക്കാർ, ഗഫൂർ പുതിയകടവ് തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button