എല്ലാവര്‍ക്കും സുരക്ഷിതമായ ലോകം പുലരട്ടെ, എല്ലാവരും നിര്‍ഭയം വളരട്ടെ; ഇന്ന് സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ ചെറുക്കുന്നതിന് ആഹ്വാനം ചെയ്യുന്ന അന്താരാഷ്ട്ര ദിനം

സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ ചെറുക്കുന്നതിന് ആഹ്വാനം ചെയ്യുന്ന അന്താരാഷ്ട്ര ദിനമാണ് ഇന്ന്. ബോധവല്‍ക്കരണ പരിപാടികള്‍ നടന്നിട്ടും അതിക്രമങ്ങളില്‍ കുറവില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മനുഷ്യാവകാശ ലംഘനങ്ങളില്‍ ഏറ്റവും വ്യാപകമായ ഒന്നാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍. വീടുകള്‍ക്കുള്ളിലെ ഗാര്‍ഹിക പീഡനം മുതല്‍ തൊഴിലിടങ്ങളിലെ ചൂഷണങ്ങള്‍, പൊതുയിടങ്ങളിലെ അരക്ഷിതാവസ്ഥ, സൈബര്‍ ഇടങ്ങളിലെ അധിക്ഷേപങ്ങള്‍ എന്നിവ വരെ അതില്‍ ഉള്‍പ്പെടുന്നു. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം രാജ്യത്ത് ഓരോ 18 മിനിട്ടിലും രാജ്യത്ത് ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നു. കേരളത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ 24,888 ബലാത്സംഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
1960 നവംബര്‍ 25-ന് ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ഏകാധിപതിയായിരുന്ന റാഫേല്‍ ട്രൂജില്ലോയുടെ ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തിയ മിറാബല്‍ സഹോദരിമാരായ പാട്രിയ, മിനര്‍വ, മരിയ തെരേസ എന്നിവര്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു. സ്വേച്ഛാധിപത്യത്തിനും ലിംഗവിവേചനത്തിനുമെതിരെയുള്ള ചെറുത്തുനില്‍പ്പിന്റെ പ്രതീകങ്ങളായി മാറിയ ഈ സഹോദരിമാരുടെ സ്മരണാര്‍ത്ഥമാണ് 1981-ല്‍ ലാറ്റിന്‍ അമേരിക്കന്‍, കരീബിയന്‍ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ നവംബര്‍ 25 സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയുള്ള ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. 2000 ഫെബ്രുവരി 7-ന് ഐക്യരാഷ്ട്രസഭ ഈ ദിനത്തിന് ഔദ്യോഗിക അംഗീകാരം നല്‍കുകയായിരുന്നു. കുറ്റകൃത്യങ്ങള്‍ക്ക് കര്‍ശനശിക്ഷ ഉറപ്പാക്കുകയും സ്ത്രീകളുടെ പരാതികളില്‍ കാര്യക്ഷമമായി ഇടപെടുകയും ചെയ്താല്‍ മാത്രമെ സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ക്ക് തടയാനാകൂ. സ്ത്രീകള്‍ക്ക് നിര്‍ഭയമായി ജീവിക്കാനും, സ്വപ്നം കാണാനും, അഭിമാനത്തോടെ മുന്നേറാനും കഴിയുന്ന ഒരു ലോകം കെട്ടിപ്പടുക്കാന്‍ നമുക്കോരോരുത്തര്‍ക്കും കൈകോര്‍ക്കാം.





