നവകേരള സദസ്സിൽ വേദിയിലേക്ക് പാഞ്ഞുകയറിയ അതേ കക്ഷി തന്നെ! പോലീസ് ജീപ്പിന്റെ ബോണറ്റിൽ കയറിയിരുന്ന് യുവാവിന്റെ ‘മാസ്സ്’ പുകവലി; ഇറക്കിവിട്ട് പോലീസ്

കൊല്ലം: പുനലൂരിൽ പോലീസ് ജീപ്പിന്റെ ബോണറ്റിനു മുകളിൽ കയറിയിരുന്ന് പുകവലിച്ച യുവാവിനെ പോലീസ് ഇറക്കിവിട്ടു. പുനലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്.
പുനലൂർ പോലീസിന് സ്ഥിരം തലവേദന സൃഷ്ടിക്കുന്ന പുനലൂർ സ്വദേശി ഹരിലാലാണ് മദ്യലഹരിയിൽ ഈ അതിക്രമം കാണിച്ചതെന്ന് പൊലീസ് പറയുന്നു. ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ജീപ്പിനു മുകളിലേക്കാണ് ഇയാൾ വലിഞ്ഞുകയറിയത്. ഇയാൾ കയറുന്നത് പോലീസ് ശ്രദ്ധിച്ചിരുന്നില്ല. അടുത്തുണ്ടായിരുന്നവർ മൊബൈൽ ഫോണിൽ ചിത്രവും വീഡിയോയും പകർത്തുന്നതു കണ്ടാണ് പോലീസ് സ്ഥലത്തേക്ക് ഓടിയെത്തിയത്. പിന്നാലെ ഹരിലാലിനെ ജീപ്പിൽ നിന്ന് ഇറക്കിവിട്ടു.
ഹരിലാലിനെതിരെ മുൻപും നിരവധി കേസുകളുണ്ടെന്ന് പോലീസ് പറയുന്നു. തൂക്കുപാലത്തിനു മുന്നിലെ ഗാന്ധിപ്രതിമയെ അപമാനിച്ചതിനും തൂക്കുപാലത്തിന്റെ കിണറുകളിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചതിനും പിങ്ക് പോലീസിന്റെ വാഹനത്തിന്റെ ചില്ല് തകർത്തതിനും ഇയാളെ പിടികൂടിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നവകേരളസദസ്സിൽ പ്രസംഗിക്കുന്നതിനിടെ വേദിയിലേക്ക് പാഞ്ഞുകയറിയതിനും പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു.





