ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിനിടെ ദുരന്തം; ടിപ്പർ ലോറി ബൈക്കിലിടിച്ച് യുവ ഫുട്ബോൾ താരം മരിച്ചു, സുഹൃത്തിന് പരിക്ക്

കോട്ടയം: ക്വാറിയിൽനിന്ന് ലോഡുമായി എത്തിയ ടിപ്പർ ലോറി ബൈക്കിലിടിച്ച് യുവ ഫുട്ബോൾ താരം മരിച്ചു. ആനിക്കാട് വെസ്റ്റ് മുക്കാലി ചക്കാംപുഴ റോൺ സാം ജോയി (അപ്പു–25) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് ജസ്റ്റിൻ പരിക്കുകളോടെ രക്ഷപ്പെട്ടു.
ചെങ്ങളം–പൈക റോഡിൽ നായിപ്ലാവ് ഭാഗത്ത് ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു അപകടം. പൈക ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയുടെ പിൻഭാഗത്തെ ടയർ യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ തട്ടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റോണിന് ജീവൻ നഷ്ടമായി.
ഫുട്ബോൾ താരമായിരുന്ന റോൺ ഞായറാഴ്ച പള്ളിക്കത്തോട് പഞ്ചായത്തിലെ കേരളോത്സവ മത്സരത്തിൽ പങ്കെടുത്തിരുന്നു. മത്സരത്തിനിടെ കാലിന് പരിക്കേറ്റതിനെ തുടർന്ന് പൂവരണിയിൽ ചികിത്സ തേടിയശേഷം സുഹൃത്തിനൊപ്പം മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
ജബുലാനി എഫ്.സി. ഫുട്ബോൾ ക്ലബ്ബിലെ അംഗമായിരുന്നു റോൺ. പരേതരായ അറവനാട് എ.സി. ജോയിയുടെയും ലീലാമ്മയുടെയും മകനാണ്. റിച്ചു ഹന്ന ജോയിയാണ് സഹോദരി.





