Thiruvananthapuram
ട്രെയിനിൽവെച്ചും സ്റ്റേഷനിൽവെച്ചും യുവതിക്കുനേരെ ലൈംഗികാതിക്രമം; ചോദ്യം ചെയ്തപ്പോള്‍ അടിച്ചു വീഴ്ത്തി, യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനിലും സ്റ്റേഷനിലും യുവതിക്കുനേരെ ലൈംഗികാതിക്രമവും മർദനവും നടന്നതായി പരാതി. സംഭവത്തിൽ ആറ്റിങ്ങൽ സ്വദേശി വിജീഷിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
ഇന്ന് പുലർച്ചെ മലബാർ എക്‌സ്പ്രസിലാണ് സംഭവം നടന്നത്. ട്രെയിനിൽവെച്ച് ആദ്യം യുവതിക്കുനേരെ ലൈംഗികാതിക്രമം നടന്നുവെന്നും ഈ ഘട്ടത്തിൽ യാത്രക്കാർ ഇടപെട്ട് പ്രതിയെ പിന്തിരിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.തുടർന്ന് പേട്ട സ്റ്റേഷനിൽ ഇറങ്ങിയ യുവതിയെ വിജീഷ് പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. യുവതി ചോദ്യം ചെയ്തതോടെ ഇയാൾ അടിച്ചുവീഴ്ത്തിയെന്നും പരാതിയിൽ പറയുന്നു.
സംഭവം കണ്ട മറ്റു യാത്രക്കാരാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. പിന്നാലെ റെയിൽവേ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ നടക്കുന്നതായി പൊലീസ് അറിയിച്ചു.





