Kozhikode
വിനോദയാത്രയ്ക്കിടെ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസ്; കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്: വിനോദയാത്രയ്ക്കിടെ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. കുറ്റ്യാടി വേളം സ്വദേശി സലിത് (46) ആണ് പിടിയിലായത്. കോഴിക്കോട് വെങ്ങളത്തു വെച്ച് എലത്തൂർ പൊലീസാണ് ഇയാളെ സാഹസികമായി അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ എലത്തൂർ പൊലീസ് സ്റ്റേഷനിൽ എട്ട് പോക്സോ കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിദ്യാലയത്തിൽ നിന്നും തമിഴ്നാട്ടിലെ കൊടൈക്കനാലിലേക്ക് കൊണ്ടുപോയ വിനോദയാത്രയ്ക്കിടെ എട്ട് വിദ്യാർത്ഥിനികളെ ഇയാൾ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.
സംഭവത്തിൽ പരാതി ഉയർന്നതോടെ ഒളിവിൽ പോയ അധ്യാപകനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എലത്തൂർ പൊലീസ് വലയിലാക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.





