Kannur

ചുവപ്പുകാർഡ് കണ്ടു പുറത്ത്, പത്തുപേരായി ചുരുങ്ങിയിട്ടും വീഴാതെ കാലിക്കറ്റ്; കണ്ണൂർ വാരിയേഴ്സ് കോട്ട തകർത്ത് കാലിക്കറ്റ് എഫ്സിക്ക് മിന്നും ജയം

Please complete the required fields.




കണ്ണൂർ:സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്സിയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു. എവേ പോരാട്ടത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് മുൻ ചാമ്പ്യൻമാർ വിജയം പിടിച്ചെടുത്തത്. ഈ ജയത്തോടെ നാല് മത്സരങ്ങളിൽനിന്ന് 11 പോയന്റുമായി കാലിക്കറ്റ് ലീഗ് പട്ടികയിൽ തലപ്പത്ത് തുടരുകയാണ്. മത്സരത്തിൽ ഒരു മണിക്കൂറോളം പത്തുപേരുമായി കളിച്ചിട്ടും പ്രതിരോധത്തിലെ അച്ചടക്കവും അസാധാരണ പോരാട്ടവീര്യവും കൈവിടാതെയാണ് ടീം വിജയം സ്വന്തമാക്കിയത്. ഫെഡറിക്കോ ബുവാസോയുടെ ഗോളാണ് മത്സരത്തിൽ നിർണായകമായത്. നിലവിൽ നാല് മത്സരങ്ങളിൽ ഏഴ് പോയന്റുള്ള കണ്ണൂർ വാരിയേഴ്സ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.

കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ കളി താളം പിടിക്കുംമുമ്പേ കാലിക്കറ്റിന് ആദ്യ തിരിച്ചടിയായി ആദ്യ മാറ്റം വേണ്ടിവന്നു. 11-ാം മിനിറ്റിൽ പരിക്കേറ്റ ഡിഫൻഡർ അലക്‌സിസ് സോസയ്ക്ക് പകരം മുഹമ്മദ് റിയാസ് കളത്തിലിറങ്ങി. എന്നാൽ ഈ മാറ്റം കളിയുടെ ഒഴുക്കിനെ ബാധിക്കാതെ കാലിക്കറ്റ് പന്തടക്കത്തിലും സംഘടിത മുന്നേറ്റങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. തൊട്ടുപിന്നാലെ 15-ാം മിനിറ്റിൽ അതിന്റെ ഫലം കാണുകയും ചെയ്തു. ബോക്‌സിന് പുറത്തുനിന്ന് ഫെഡറിക്കോ ബുവാസോ തൊടുത്ത മനോഹരമായ താഴ്ന്ന ഷോട്ട് കണ്ണൂരിന്റെ വല തുളച്ചു കയറി.തോടെ കാലിക്കറ്റ് 1-0ന് മുന്നിലെത്തി.

എങ്കിലും 31-ാം മിനിറ്റിൽ കളിയുടെ ഗതി വീണ്ടും മാറിമറിഞ്ഞു. കണ്ണൂർ ക്യാപ്റ്റൻ എസിയർ ഗോമസിനെ ഫൗൾ ചെയ്തതിന് മാനുവൽ അഗസ്റ്റിൻ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ കാലിക്കറ്റ് പത്തുപേരായി ചുരുങ്ങി. ശേഷിച്ച സമയം ഒരു ഗോളിന്റെ ലീഡ് സംരക്ഷിക്കുകയെന്ന തന്ത്രപരമായ വെല്ലുവിളിയാണ് കാലിക്കറ്റ് വിജയകരമായി ഏറ്റെടുത്തത്. ആദ്യപകുതി അവർ ഈ ലീഡിൽ അവസാനിപ്പിച്ചു.

രണ്ടാം പകുതിയിൽ സമനിലക്കായി കണ്ണൂർ ആക്രമണം ശക്തമാക്കി. 55-ാം മിനിറ്റിൽ കണ്ണൂരിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. വലതുവശത്തെ കോർണർ ഫ്‌ലാഗിന് സമീപത്തുനിന്ന് നിജോ ഗിൽബെർട്ട് പന്ത് സെക്കൻഡ് പോസ്റ്റിലേക്ക് താഴ്ത്തിയിട്ടെങ്കിലും അത് കണക്ട് ചെയ്യാൻ സഹതാരങ്ങളാരും എത്തിയില്ല. ഫിനിഷിങ്ങിലെ ഏകോപനമില്ലായ്മ അവർക്ക് തിരിച്ചടിയായി. 60-ാം മിനിറ്റിൽ പകരക്കാരനായി എത്തിയ മുഷറഫിലൂടെ കണ്ണൂരിന് വീണ്ടും സുവർണ്ണാവസരം ലഭിച്ചെങ്കിലും ആ ഷോട്ട് പുറത്തേക്ക് പോവുകയായിരുന്നു.

കോസിച്ച് ഉൾപ്പെടെയുള്ള പ്രമുഖരെ പകരക്കാരായി ഇറക്കി ആക്രമണത്തിന് മൂർച്ച കൂട്ടിയെങ്കിലും കാലിക്കറ്റിന്റെ ഉറച്ച പ്രതിരോധം തകർക്കാൻ കണ്ണൂരിനായില്ല. ഒടുവിൽ ഒരു ഗോളിന്റെ ലീഡ് സുരക്ഷിതമായി കാത്തുസൂക്ഷിച്ച കാലിക്കറ്റ് വിജയം ഉറപ്പിച്ചു. അഞ്ചാം റൗണ്ടിലെ അടുത്ത മത്സരത്തിൽ വെള്ളിയാഴ്ച തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി, തൃശൂർ മാജിക് എഫ്‌സിയുമായി ഏറ്റുമുട്ടും. കിക്കോഫ് രാത്രി 7.30-നാണ്.

Related Articles

Back to top button