Ernakulam

നെടുമ്പാശ്ശേരി മിനി കൂപ്പർ ദുരന്തം: കനത്ത സുരക്ഷയിൽ അപകടസ്ഥലത്ത് തെളിവെടുപ്പ്

Please complete the required fields.




കൊച്ചി: നെടുമ്പാശ്ശേരിയിൽ അമിതവേഗത്തിൽ പാഞ്ഞ മിനി കൂപ്പർ ഇടിച്ച് സ്കൂട്ടർ യാത്രികരായ മൂന്നുപേർ മരിച്ച സംഭവത്തിൽ മുഖ്യപ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. 19-കാരനായ പ്രതി സുഹൈലിനെയാണ് കനത്ത സുരക്ഷയിൽ അപകടസ്ഥലത്തും മറ്റ് പ്രധാന ഇടങ്ങളിലും എത്തിച്ച് തെളിവെടുത്തത്.

പ്രതി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്. ക്വിക്ക് റെസ്പോൺസ് ടീമിന്റെ സാന്നിധ്യത്തിലാണ് നടപടികൾ.എറണാകുളം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആലുവ ഡിവൈഎസ്പി ബൈജു കെ പൗലോസിനാണ് അന്വേഷണ ചുമതല. തെളിവെടുപ്പിനായി എത്തിച്ചപ്പോൾ പ്രതി മുടി പറ്റെ വെട്ടി തിരിച്ചറിയാൻ കഴിയാത്ത രൂപത്തിലായിരുന്നു.

ബോർസ്റ്റൽ ഹോമിലുണ്ടായിരുന്ന ട്രിമ്മർ ഉപയോഗിച്ച് സുഹൈൽ തന്നെ മുടി മുറിച്ചെന്നാണ് വിവരം. എന്നാൽ തങ്ങളല്ല മുടി മുറിച്ചതെന്ന് ഹോം അധികൃതർ വ്യക്തമാക്കി.ഇന്ന് വൈകിട്ട് അഞ്ച് മണി വരെയാണ് പ്രതിയുടെ കസ്റ്റഡി കാലാവധി. അതിന് ശേഷം കോടതിയിൽ ഹാജരാക്കും. കസ്റ്റഡി അവസാനിക്കുന്നതിന് മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പൊലീസിന്റെ ശ്രമം.

നേരത്തെ വൈദ്യപരിശോധനയ്ക്കായി ആലുവയിലെ ആശുപത്രിയിലെത്തിച്ചപ്പോൾ പ്രതിക്കെതിരെ കയ്യേറ്റ ശ്രമമുണ്ടായിരുന്നു. കൂടാതെ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധം സംഘടിപ്പിച്ചതും സുരക്ഷ ശക്തമാക്കാൻ കാരണമായി.ഒന്നാം പ്രതി സുഹൈലും രണ്ടാം പ്രതി നിവിനും സംഭവദിവസം ഉച്ചമുതൽ മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.

വൈറ്റിലയിലെ ബാറിലും പിന്നീട് പാലാരിവട്ടത്തെ ബാറിലും നെടുമ്പാശ്ശേരിയിലെ ആഡംബര ഹോട്ടലിലും പുലർച്ചെ വരെ മദ്യപിച്ചതായാണ് വിവരം.പ്രതികൾക്ക് ജാമ്യം ലഭിക്കാതിരിക്കാൻ ശക്തമായ തെളിവുകളും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ശേഖരിക്കുകയാണ് അന്വേഷണ സംഘം. അപകടസ്ഥലത്തെ മണ്ണ്, കാറിൽ നിന്നുള്ള സാമ്പിളുകൾ, ഇരകളുടെ സാമ്പിളുകൾ എന്നിവ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിനിടെ മുഖ്യപ്രതി അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. കസ്റ്റഡി കാലാവധി കഴിഞ്ഞ് കോടതിയിൽ തിരിച്ചെത്തിക്കുമ്പോൾ ജാമ്യാപേക്ഷ പരിഗണിക്കാമെന്നാണ് കോടതിയുടെ നിലപാട്.

Related Articles

Back to top button