പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇഡി റിപ്പോർട്ട്; അന്വേഷണത്തിന് ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രി നിർദേശം നൽകി.
ഡിജിപിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. എഫ്ഐആർ രജിസ്റ്റർ ചെയ്യണമോ എന്ന കാര്യത്തിൽ ഡിജിപി തീരുമാനമെടുക്കും. ആവശ്യമെങ്കിൽ എഫ്ഐആറിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്താനും നിയമോപദേശം അനുവദിക്കുന്നുണ്ട്.
പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് പണം നൽകിയെന്ന ഇടപാടാണ് കേസിന്റെ പ്രധാന പശ്ചാത്തലം. ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കും തുടർന്നുള്ള നടപടികൾക്കും പിന്നാലെ സിഎംആർഎൽ – എക്സാലോജിക് ഇടപാടുകൾ അന്വേഷണ പരിധിയിലെത്തി.
എക്സാലോജിക്കിന് സിഎംആർഎൽ ഏകദേശം 2.78 കോടി രൂപ നൽകിയെന്നും ഇതിന് ആനുപാതികമായ സേവനങ്ങൾ ലഭിച്ചിട്ടില്ലെന്നുമാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. പിന്നീട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇഡി ഈ ഇടപാടുകൾ പരിശോധിച്ചത്. ഈ പണമിടപാടുകൾക്ക് പിന്നിൽ നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നാണ് ഇഡിയുടെ ആരോപണം.
തുടർന്ന് പിണറായി വിജയന് 3.28 കോടി രൂപയുടെ അനധികൃത പ്രതിഫലം ലഭിച്ചതായും വീണ മുഖേനയാണ് പണം കൈമാറിയതായും ഇഡി ആരോപിച്ചു. മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ടും പണമിടപാടുകളും ഹവാല ഇടപാടുകളും നടന്നുവെന്ന ആരോപണവും ഇഡി റിപ്പോർട്ടിലുണ്ട്.
പിഎംഎൽഎയിലെ സെക്ഷൻ 66(2) പ്രകാരം അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളും തെളിവുകളും ഉൾപ്പെടുത്തി ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറുകയായിരുന്നു. പിണറായി വിജയൻ, വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. ഡിജിപിക്ക് ലഭിച്ച റിപ്പോർട്ട് പിന്നീട് ആഭ്യന്തര വകുപ്പിലേക്ക് കൈമാറി.
റിപ്പോർട്ടിൽ നിയമനടപടി സ്വീകരിക്കാമോ എന്നതിൽ സർക്കാർ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി. ലഭിച്ച നിയമോപദേശത്തിൽ ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താമെന്നും, റിപ്പോർട്ടിൽ കോഗ്നിസിബിൾ കുറ്റം വെളിപ്പെടുന്നുവെങ്കിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്നും വ്യക്തമാക്കിയിരുന്നു.ആവശ്യമായ സാഹചര്യത്തിൽ പ്രാഥമിക അന്വേഷണം നടത്താനും നിയമപരമായി സാധിക്കുമെന്ന് അഭിപ്രായം ലഭിച്ചു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ആഭ്യന്തര മന്ത്രി അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുന്നത്.
അതേസമയം, ഇഡി ഉന്നയിച്ച ആരോപണങ്ങൾ പിണറായി വിജയനും മുഹമ്മദ് റിയാസും നിഷേധിച്ചിട്ടുണ്ട്. ഇഡി അന്വേഷണത്തിൽ ആശ്രയിച്ച ചില സിഎംആർഎൽ ഉദ്യോഗസ്ഥരുടെ മൊഴികൾ പിന്നീട് പിൻവലിച്ചതായും സമ്മർദം ചെലുത്തിയാണ് മൊഴിയെടുത്തതെന്ന ആരോപണം ഉദ്യോഗസ്ഥർ ഉന്നയിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യം കേസിലെ ആരോപണങ്ങളുടെ മറുവാദമായി നിലനിൽക്കുന്നുണ്ട്.





