
രാജ്യതലസ്ഥാനത്ത് വീണ്ടും ക്രൂരമായ കൂട്ടബലാത്സംഗം. പൊലീസുകാരാണെന്ന് ചമഞ്ഞ് മൂന്നംഗ സംഘമാണ് പതിനേഴുകാരിയെ പീഡനത്തിനിരയാക്കിയത്. ഇന്നലെ രാത്രി 7:30-ഓടെ ദില്ലിയിലെ കൽക്കാജി മന്ദിർ പരിസരത്താണ് സംഭവം നടന്നത്.
സംഭവത്തിൽ പെൺകുട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനെ ഭീഷണിപ്പെടുത്തിയാണ് പ്രതികൾ കൃത്യം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. 25നും 30നും ഇടയിൽ പ്രായമുള്ളവരാണ് പ്രതികൾ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ, പൊലീസ് സംഘവുമായുള്ള ഏറ്റുമുട്ടലിനൊടുവിൽ പ്രതികളിൽ ഒരാളെ പിടികൂടിയിട്ടുണ്ട്.
ഒളിവിലുള്ള മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. കൽക്കാജി ക്ഷേത്രം സന്ദർശിച്ച ശേഷം പെൺകുട്ടിയും സുഹൃത്തും അടുത്തുള്ള പാർക്കിൽ എത്തിയപ്പോഴാണ് പ്രതികൾ എത്തിയത്. പരാതി ലഭിച്ചയുടൻ പൊലീസ് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും വിശദമായ മൊഴിയെടുക്കുകയും ചെയ്തു.
സംഭവത്തിൽ പ്രതികൾക്കെതിരെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഡൽഹിയിൽ സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇതിനുമുമ്പ് ഓടുന്ന സ്ലീപ്പർ ബസിനുള്ളിൽ വെച്ച് പതിനാറുകാരി പീഡനത്തിനിരയായ സംഭവവും വലിയ ചർച്ചയായിരുന്നു.





