കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തി, ഹോട്ടലിനെതിരെ നടപടി, പരിശോധനയിൽ ഹോട്ടലിൽ പഴകിയ ഭക്ഷണവും

കോഴിക്കോട്:കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി സ്വീകരിച്ചു. മുറിയനാലിലെ പാരഡൈസ് ഹോട്ടലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിച്ചത്.
ഇന്നലെ രാത്രി ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കാണ് ബിരിയാണിയിൽ നിന്ന് വണ്ടിനെ ലഭിച്ചതെന്നാണ് വിവരം ലഭിക്കുന്നത്. ബിരിയാണിയിൽ പ്രാണിയെ കണ്ടെത്തിയതിനെ തുടർന്ന് ഉപഭോക്താക്കൾ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി. പരിശോധനയിൽ ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷ്യവിഭവങ്ങളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഭക്ഷണത്തിന്റെ ഗുണനിലവാരത്തിൽ ഗുരുതരമായ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് ഹോട്ടൽ അടപ്പിച്ചത്.
ഭക്ഷണത്തിന്റെ ഗുണനിലവാരവും ഹോട്ടലിലെ ശുചിത്വവും സംബന്ധിച്ച് അധികൃതർ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. ഹോട്ടലിൽ നിന്ന് കണ്ടെത്തിയ പഴകിയ ഭക്ഷണ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെന്നും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.





