Kottayam

ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയിൽ പുറത്തെടുത്തത് ഒരു വയസ്സുകാരന്റെ ശരീരത്തിൽ കുടുങ്ങിയ സൂചി

Please complete the required fields.




കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ ഗുരുതര ചികിത്സാ പിഴവ് സംഭവിച്ചതായി കുടുംബത്തിന്റെ പരാതി. ഇവിടെ ജനിച്ച ഒരു വയസ്സുള്ള കുഞ്ഞിന്റെ ശരീരത്തിൽ നിന്ന് ശസ്ത്രക്രിയയിലൂടെ സൂചി കണ്ടെത്തിയതിനെ തുടർന്നാണ് കുടുംബം രംഗത്തെത്തിയത്.

ഏറ്റുമാനൂർ സ്വദേശിനി അഞ്ചുവിന്റെ കുഞ്ഞിന്റെ ശരീരത്തിൽ നിന്നാണ് സൂചി കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഈ വിവരം പുറത്തുവന്നത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണിതെന്ന് മാതാപിതാക്കൾ ആരോപിച്ചു.

കഴിഞ്ഞ വർഷം ജൂണിലായിരുന്നു കുഞ്ഞിന്റെ പ്രസവം നടന്നത്. ജനനത്തിന് പിന്നാലെ പനിയും മഞ്ഞപ്പിത്തവും അനുഭവപ്പെട്ടതിനെ തുടർന്ന് കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിൽ (NICU) പ്രവേശിപ്പിച്ചിരുന്നതായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു. ഇതിനുശേഷമാണ് കുഞ്ഞിന്റെ ശരീരത്തിൽ അസ്വാഭാവികമായ തടിപ്പ് ശ്രദ്ധയിൽപ്പെട്ടത്.

കുഞ്ഞിന് ഒരു വർഷത്തോളം തുടർച്ചയായി വേദനയും ശരീരത്തിൽ തടിപ്പും അനുഭവപ്പെട്ടിരുന്നതായും, പ്രസവ സമയത്ത് തന്നെ ഈ വിഷയം ചൂണ്ടിക്കാട്ടിയെങ്കിലും യാതൊരു പ്രശ്നവുമില്ലെന്നാണ് ഡോക്ടർമാർ മറുപടി നൽകിയതെന്നും രക്ഷിതാക്കൾ പറഞ്ഞു.
തടിപ്പിന്റെ കാരണത്തെക്കുറിച്ച് കോട്ടയം മെഡിക്കൽ കോളേജ് അധികൃതരെ അറിയിക്കുകയും അവർ സ്കാനിങ് നടത്തുകയും ചെയ്തിരുന്നെങ്കിലും പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് കുഞ്ഞിനെ തിരിച്ചയക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. എന്നാൽ തടിപ്പുണ്ടായിരുന്ന കൃത്യമായ ഭാഗത്ത് അന്ന് സ്കാനിങ് നടത്തിയിരുന്നില്ലെന്ന് പിന്നീട് വ്യക്തമായതായി മാതാപിതാക്കൾ ആരോപിച്ചു. കഴിഞ്ഞ ദിവസം തടിപ്പ് വീണ്ടും വർധിച്ചതോടെയാണ് കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയത്.

കോഴിക്കോട് നടത്തിയ ശസ്ത്രക്രിയയിലാണ് കുഞ്ഞിന്റെ ശരീരത്തിനുള്ളിൽ കുടുങ്ങിക്കിടന്ന സൂചി കണ്ടെത്തി പുറത്തെടുത്തത്. തുടർന്ന് കുടുംബം സംഭവത്തിൽ ശക്തമായ പരാതിയുമായി മുന്നോട്ടുവരികയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.ചികിത്സയ്ക്കിടെ എങ്ങനെയാണ് സൂചി കുഞ്ഞിന്റെ ശരീരത്തിൽ കുടുങ്ങിയതെന്നും, തുടർന്ന് നടത്തിയ പരിശോധനകളിൽ ഇത് കണ്ടെത്താൻ സാധിക്കാതെ പോയത് എങ്ങനെയെന്നുമാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്.

Related Articles

Back to top button