ദുഷ്ടലാക്കുകളെ ജാഗ്രതയോടെ സമീപിക്കണം, പ്രകോപനങ്ങൾക്ക് വശംവദരാകരുത്’; പ്രവർത്തകരോട് സംയമനാഹ്വാനവുമായി കാന്തപുരം

കോഴിക്കോട്: സ്ത്രീകൾ പൊതുരംഗത്ത് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന വിവാദമായതിനുപിന്നാലെ, പ്രവർത്തകരോട് സംയമനാഹ്വാനവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ. സമൂഹത്തിൽ ഭിന്നത വളർത്താനുള്ള ദുഷ്ടലാക്കുകളെ തികഞ്ഞ ജാഗ്രതയോടെ സമീപിക്കണമെന്നും പ്രവർത്തകർ യാതൊരുവിധ പ്രകോപനങ്ങൾക്കും വശംവദരാകാൻ പാടിലെലന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
വൈകാരികമായി പ്രതികരിക്കാതെ, തികഞ്ഞ പക്വതയോടെയും വിവേകത്തോടെയും മാത്രമേ ഇടപെടാവൂ എന്നും അദ്ദേഹം പറഞ്ഞു. ‘സംവാദങ്ങൾ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളാകണം.
അതേസമയം, ഇത്തരം ആത്മീയ ചർച്ചകളെ ബോധപൂർവ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നവരുടെ നിക്ഷിപ്ത താത്പര്യങ്ങൾ നാം കൃത്യമായി തിരിച്ചറിയുകയും വേണം.അറിവന്വേഷണങ്ങളെ അട്ടിമറിച്ച്, സമൂഹത്തിൽ ഭിന്നത വളർത്താനുള്ള ഇത്തരം ദുഷ്ടലാക്കുകളെ തികഞ്ഞ ജാഗ്രതയോടെ വേണം നാം സമീപിക്കാൻ. പ്രവർത്തകർ യാതൊരുവിധ പ്രകോപനങ്ങൾക്കും വശംവദരാകാൻ പാടില്ല. ഇത്തരം സാഹചര്യങ്ങളിൽ ഒട്ടും വൈകാരികമായി പ്രതികരിക്കാതെ, തികഞ്ഞ പക്വതയോടെയും വിവേകത്തോടെയും മാത്രമേ നാം ഇടപെടാവൂ.നാളിതുവരെയും ഏതു തിന്മകളെയും നന്മ കൊണ്ടു മാത്രം എതിരിട്ട സംസ്കാരമാണ് പാരമ്പര്യ സുന്നി വിശ്വാസികളുടേത്. നമ്മുടെ അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ, അച്ചടക്കത്തോടെയും സംയമനത്തോടെയും മുന്നോട്ടു പോകണം’ -ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് പ്രസ്ഥാനം മുന്തിയ പരിഗണന നൽകുമെന്ന് ഇന്നലെ തൃശൂരിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മീലാദ് കോൺഫറൻസിൽ കാന്തപുരം പറഞ്ഞിരുന്നു. പെൺകുട്ടികൾക്ക് മാത്രമായി രാജ്യത്തുടനീളം നൂറുകണക്കിന് സ്ഥാപനങ്ങൾ തന്‍റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. അവിടെയെല്ലാം സൗജന്യമായാണ് വിദ്യാഭ്യസം നൽകുന്നത്. അത് തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് എല്ലാ വിഭാഗങ്ങൾക്കും അവരവരുടെ മതചിട്ട അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരു വിഭാഗത്തോടും മതം അടിച്ചേൽപ്പിക്കുന്നില്ല. ഇതാണ് പ്രവാചക കൽപന. വർഗീയത പാടില്ല. മറ്റൊരാളെ നിർബന്ധിക്കാനും പാടില്ല.പ്രതിപക്ഷമില്ലാത്ത രാജ്യമായ മക്കയിൽ പ്രവാചകൻ എത്തിയപ്പോൾ ശത്രുക്കൾ ഭയപ്പെട്ടു. അവർക്കും മാപ്പ് നൽകി വിട്ടയച്ചു. ഇതാണ് പ്രവാചക മാതൃക. അതാണ് നാം പിൻപറ്റുന്ന വഴി-അദ്ദേഹം പറഞ്ഞു.





