Thrissur

സ്വന്തം സർക്കാർ വന്നിട്ടും നീതിയില്ല, പിന്തുണ പ്രഖ്യാപിച്ചവരിൽ ഒരാൾ മുഖ്യമന്ത്രി, കൂടെയുണ്ടാകും എന്ന് പറഞ്ഞവർ എവിടെ?’ – തുറന്ന കത്തുമായി വി എസ് സുജിത്

Please complete the required fields.




തൃശൂർ:യുഡിഎഫ് സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്ത്. കുന്നംകുളം പൊലീസ് സ്റ്റേഷനിലെ ക്രൂരമായ ലോക്കപ്പ് മർദ്ദനത്തിന് ഇരയായി ഒരു വർഷം പിന്നിട്ടിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്ന് തുറന്നടിച്ച് വി.എസ്. സുജിത്ത്.സ്വന്തം മുന്നണി സർക്കാർ അധികാരത്തിലെത്തിയിട്ടും കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അദ്ദേഹം ചോദിച്ചു.

ഫേസ്ബുക്കിലൂടെ പങ്കുവെച്ച വൈകാരികമായ തുറന്ന കത്തിലാണ് നേതൃത്വത്തിന്റെ വാഗ്ദാനലംഘനങ്ങൾക്കെതിരെ സുജിത്ത് രൂക്ഷമായ വിമർശനം ഉന്നയിച്ചത്. മർദ്ദനമേറ്റ സമയത്ത് കൂടെയുണ്ടാകുമെന്നും മർദ്ദിച്ച ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കും വരെ പോരാടുമെന്നും ഉറപ്പുനൽകിയ നേതാക്കൾ ഇന്ന് എവിടെയാണെന്ന് അദ്ദേഹം ചോദിച്ചു.

അന്ന് പിന്തുണ പ്രഖ്യാപിച്ചവരിൽ ഒരാൾ മുഖ്യമന്ത്രിയും മറ്റൊരാൾ ആഭ്യന്തരമന്ത്രിയും വേറൊരാൾ കെപിസിസി പ്രസിഡന്റുമായി ഭരണം നിയന്ത്രിക്കുമ്പോഴും ക്രൂരത കാട്ടിയ പൊലീസുകാർക്കെതിരെയുള്ള അന്വേഷണം എവിടെയെത്തിയെന്ന് സുജിത്ത് ആരാഞ്ഞു.
അധികാരത്തിന്റെ മുന്നിൽ ഒരു സാധാരണ മനുഷ്യന്റെ നീതിക്ക് ഇത്രയേ വിലയുള്ളോ എന്നും ഇത് നാളെ ഏതൊരു സാധാരണക്കാരനും സംഭവിക്കാവുന്ന അനീതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തനിക്ക് വേണ്ടത് വാചകക്കസർത്തുകളോ രാഷ്ട്രീയ സംരക്ഷണമോ അല്ലെന്നും നിയമപരമായ നടപടിയും നീതിയുമാണെന്നും സുജിത്ത് വ്യക്തമാക്കി. ‘ഞങ്ങൾ കൂടെയുണ്ട്’ എന്ന പതിവ് വാക്ക് വീണ്ടും ആവർത്തിക്കുന്നതിന് മുൻപ് ഒരിക്കലെങ്കിലും അത് പ്രവർത്തിച്ച് കാണിക്കാൻ നേതാക്കൾ തയ്യാറാകണം.നീതി വൈകിക്കുന്നത് കാക്കിയിട്ട മർദ്ദകരെ സംരക്ഷിക്കുന്നതിനു വേണ്ടിയാകരുതെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് യൂത്ത് കോൺഗ്രസ് നേതാവ് തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

Related Articles

Back to top button