Kollam

ദോശ നൽകാൻ വൈകിയതിന് ചായക്കട അടിച്ചുതകർത്തു; ഉടമസ്ഥനെയും ഭാര്യയെയും മർദ്ദിച്ച രണ്ടുപേർ അറസ്റ്റിൽ

Please complete the required fields.




കൊല്ലം: ദോശ നൽകാൻ വൈകിയെന്നാരോപിച്ച് ശൂരനാട്ടെ ചായക്കട അടിച്ചുതകർക്കുകയും കടയുടമയെയും ഭാര്യയെയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിലേമുറി അബിൻ ഭവനത്തിൽ അജി (46), അശ്വതി ഭവനത്തിൽ രമേശൻ (44) എന്നിവരെയാണ് ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ചക്കുവള്ളി–പുതിയകാവ് പ്രധാന പാതയോരത്തെ ശൂരനാട് കോയിക്കൽ ചന്തയിലാണ് സംഭവം നടന്നത്. കടയിൽ ഇരുന്ന് ദോശ കഴിച്ചുകൊണ്ടിരുന്ന പ്രതികൾ വീണ്ടും ദോശ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് നൽകാൻ വൈകിയതിനെ തുടർന്ന് കടയുടമ മനാഫും പ്രതികളും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും പിന്നീട് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു എന്നാണ് പൊലീസിന്റെ നിലപാട്.

ആക്രമണത്തിൽ കടയുടമ മനാഫിനെയും ഭാര്യ സീനത്തിനെയും പ്രതികൾ മർദ്ദിക്കുകയും കടയിലെ ഗ്ലാസ് അലമാരകളും മറ്റ് സാധന സാമഗ്രികളും അടിച്ചുതകർക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ വീണ്ടും സംഘർഷമുണ്ടായി.

ഇതിനിടയിൽ പ്രതികളിലൊരാളായ അജി നിലത്തു വീഴുകയും ഇയാളുടെ തലയ്ക്ക് പരുക്കേൽക്കുകയും ചെയ്തു. പ്രദേശവാസികൾ ചേർന്ന് ഇയാളെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട രണ്ടാം പ്രതി രമേശനെ പിന്നീട് കായംകുളം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.

Related Articles

Back to top button