തെർമൽ ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ, വിലങ്ങാട് യുവാവിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമം ഇന്നും തുടരും

കോഴിക്കോട്: വിലങ്ങാട് യുവാവിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ തുരത്താനുള്ള ശ്രമം ഇന്നും തുടരും. തെർമൽ ഡ്രോൺ ഉപയോഗിച്ച് കൃഷിയിടങ്ങളിലും വനമേഖലയിലും ഇന്നലെ വൈകീട്ടും വ്യാപക തെരച്ചിൽ നടത്തിയിരുന്നു.
വയനാട്ടിൽ നിന്നുള്ള ആർ ആർടി സംഘം ഉൾപ്പെടെ 40 തോളം പേർ തെരച്ചിലിന്റെ ഭാഗമായി. എല്ലാ സാധ്യതകളും അടഞ്ഞാൽ അപകടകാരിയായ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലേണ്ട സ്ഥിതി ഉണ്ടെന്ന റിപ്പോർട്ട് സിസിഎഫിന് കൈമാറിയിരുന്നു.തുരത്താൻ സാധിക്കാത്തതിനാൽ മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമമാണ് വനം വകുപ്പ് ആദ്യഘട്ടത്തിൽ നടത്തുക. ഇന്നലെ നടത്തിയ തെരച്ചിലിൽ കാട്ടുപോത്തിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
മരിച്ച സുനിലിന്റെ കുടുംബത്തിന് ധനസഹായത്തിന്റെ ആദ്യഘടുവായയ 5 ലക്ഷം രൂപ ഇന്നലെ കൈമാറി.കോഴിക്കോട് നാദാപുരം വിലങ്ങാട് സ്വദേശി ചന്തുവിന്റെ മകന് വി സി സുനില്‍(40) ആണ് ദാരുണമായി മരിച്ചത്. ചെങ്ങന്നൂര്‍ കോടതിയിലെ ജീവനക്കാരനായ സുനില്‍ ഓണം അവധിക്കായി നാട്ടില്‍ എത്തിയപ്പോഴാണ് അപകടമുണ്ടായത്.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം കാട്ടുപോത്തിനെ വനത്തിലേക്കു തുരത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സുനിലിനെ ആക്രമിച്ചത്. സുനിലിന്റെ വയറില്‍ കുത്തേറ്റിരുന്നു.
വായാട് തെക്ക് നെല്ലിപ്പുഴ ജോസ്ബൈറ്റ് ജേക്കബ് എന്നയാളുടെ കൃഷിയിടത്തിന് സമീപമായിരുന്നു സംഭവം. സാരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സുനിലിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. വിലങ്ങാട് ഭാഗത്ത് വന്യമൃഗങ്ങളെ അകറ്റാന്‍ സോളര്‍ ഫെന്‍സിങ് സ്ഥാപിച്ചിട്ടുണ്ടങ്കിലും ചാര്‍ജിങ് സംബന്ധിച്ച പ്രശ്നങ്ങള്‍ കാരണം അത് ഫലപ്രദമല്ലെന്ന് നാട്ടുകാര്‍ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു.
സ്ഥിരമായി പ്രദേശത്ത് എത്താറുള്ള കാട്ടുപോത്തിനെ തുരത്താനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ശക്തമായ പ്രതിഷേധത്തിലാണ്.





