Kozhikode

കോഴിക്കോട് തൊട്ടിൽപ്പാലത്ത് പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്തു; കാവിലുംപാറ സ്വദേശിക്ക് മൂന്നര വർഷം കഠിനതടവിന് വിധിച്ച് നാദാപുരം കോടതി

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് തൊട്ടിൽപ്പാലത്ത് ബാലികയെ ലൈംഗിക ഉദ്ദേശത്തോടെ ശല്യം ചെയ്ത കേസിൽ പ്രതിക്ക് മൂന്നര വർഷം കഠിന തടവും 7500 രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം പോക്‌സോ കോടതി. കാവിലുംപാറ കാര്യാട്ട് മണിയാലം കണ്ടി സ്വദേശി സബാബ് (43)നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ. മേനോൻ ശിക്ഷിച്ചത്.

കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാട് സ്വദേശിയായ പരാതിക്കാരിയെ പ്രതി തൻ്റെ പിക്കപ്പ് വാഹനത്തിൽ കയറ്റി കൊണ്ടുപോകവേ ലൈംഗിക ഉദ്ദേശത്തോടെ ബുദ്ധിമുട്ടിക്കാൻ ശ്രമിച്ചെന്നാണ് കേസ്. തുടർന്ന് പല ദിവസങ്ങളിലായി ഫോണിലൂടെയും വീട്ടിൽ വന്നുവെന്നും ലൈംഗികാക്രമം നടത്തണമെന്ന ഉദ്ദേശത്തോടെ പെരുമാറിയെന്നും പരാതിയിൽ ആരോപിക്കുന്നു.

2024 ഏപ്രിൽ 22-ന് വാഹനത്തിൽ വെച്ച് ശല്യം ചെയ്യുകയും പിന്നീട് ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയും ചെയ്തതിനെ തുടർന്ന് പെൺകുട്ടി തൊട്ടിൽപാലം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

കേസിൻ്റെ വിചാരണവേളയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 12 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. തൊട്ടിൽപാലം സബ് ഇൻസ്‌പെക്ടർമാരായ വിഷ്ണു എം.പി, എ. അൻവർ ഷാ, എ.എസ്.ഐ സീമ വി.കെ എന്നിവരാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ കോടതിയിൽ ഹാജരായി.

Related Articles

Back to top button