India

മഹാരാഷ്ട്രയിൽ പുത്തൻ കെഎസ്ആർടിസി ബസ് മോഷണം പോയി; ഒടുവിൽ ‘പണി’ കൊടുത്തത് ടയർ പഞ്ചറായപ്പോൾ

Please complete the required fields.




മുംബൈ: മഹാരാഷ്ട്രയിൽ കെഎസ്ആർടിസി (എംഎസ്ആർടിസി) ഡിപ്പോയിൽ നിന്ന് പുത്തൻ സർക്കാർ ബസ് മോഷണം പോയി. എന്നാൽ അധികദൂരം ഓടിക്കും മുൻപേ ടയർ പഞ്ചറായതിനെ തുടർന്ന് മോഷ്ടാക്കൾ ബസ് വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലുള്ള ജംനർ എസ്ടി ഡിപ്പോയിലാണ് സിനിമാക്കഥകളെ വെല്ലുന്ന സംഭവം നടന്നത്.

തിങ്കളാഴ്ച രാത്രി വൈകിയാണ് ഡിപ്പോയിൽ നിന്ന് പുത്തൻ ബസ് കാണാതായത്. പാർക്കിംഗ് സ്ഥലത്തുനിന്ന് ഒരാൾ ബസ് ഡ്രൈവർ സീറ്റിലിരുന്ന് പിന്നോട്ട് എടുത്ത് ഡിപ്പോയ്ക്ക് പുറത്തേക്ക് ഓടിച്ചുപോകുന്ന സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ബസ് കാണാതായതോടെ അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

ബസ് തട്ടിക്കൊണ്ടുപോയ മോഷ്ടാക്കൾക്ക് അധികനേരം ആഹ്ലാദിക്കാൻ കഴിഞ്ഞില്ല. വഴിമധ്യേ ബസ്സിന്റെ ടയർ പഞ്ചറാവുകയായിരുന്നു. തുടർന്ന് വാഹനം മുന്നോട്ട് എടുക്കാൻ കഴിയാതെ വന്നതോടെ സമീപത്തെ ഒരു ഗ്രാമത്തിന് അടുത്ത് ബസ് ഉപേക്ഷിച്ച് മോഷ്ടാക്കൾ സ്ഥലത്തുനിന്ന് മുങ്ങി.അതിസുരക്ഷയുള്ള ഡിപ്പോയിൽ നിന്ന് ഒരു പുത്തൻ ബസ് ആരുമറിയാതെ പുറത്തെത്തിക്കാൻ മോഷ്ടാക്കൾക്ക് കഴിഞ്ഞത് വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തുന്നത്. ബസ് ഓടിച്ചുപോകുമ്പോൾ ജീവനക്കാരോ സുരക്ഷാ ജീവനക്കാരോ ശ്രദ്ധിക്കാതിരുന്നതും വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. സമീപ ദിവസങ്ങളിൽ ഈ ബസ് സ്റ്റാൻഡ് പരിസരത്ത് മറ്റ് പല മോഷണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മോഷ്ടാക്കളെ തിരിച്ചറിയാനും, ബസ് മോഷ്ടിച്ചതിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് കണ്ടെത്താനുമുള്ള ശ്രമത്തിലാണ് പോലീസ്.

Related Articles

Back to top button