Kannur

മണ്ണും വെള്ളവും പാറക്കഷ്ണങ്ങളും കുത്തിയൊഴുകിയെത്തി; കണ്ണൂർ താബോറിൽ വീണ്ടും ഉരുൾപൊട്ടിയതായി സംശയം; ചുരം റോഡ് അടച്ചു, ജനങ്ങളെ മാറ്റുന്നു

Please complete the required fields.




കണ്ണൂർ: ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനിടെ താബോറിലെ തൊണ്ടിക്കുന്ന് ഭാഗത്തെ വനത്തിനുള്ളിൽ വീണ്ടും ഉരുൾപൊട്ടിയതായി സംശയം. കാട്ടിൽ നിന്ന് വൻതോതിൽ മണ്ണും വെള്ളവും പാറക്കഷ്ണങ്ങളും കുത്തിയൊഴുകിയെത്തിയതിനെ തുടർന്നാണ് നാട്ടുകാർ ഇത്തരത്തിൽ സംശയം പ്രകടിപ്പിക്കുന്നത്.

വ്യാഴ്ച മുതൽ പ്രദേശത്ത് ഇടവിട്ട് കനത്ത മഴയാണ് പെയ്യുന്നത്. ഇതിനിടെ തൊണ്ടിക്കുന്ന് വനമേഖലയിൽ നിന്ന് കുത്തിയൊഴുകി വരുന്ന ചെളിയും പാറക്കഷ്ണങ്ങളും കണ്ടതോടെയാണ് ഉരുൾപൊട്ടിയതാണെന്ന സംശയം ശക്തമായത്.

സ്ഥലത്ത് നിലവിൽ കാലാവസ്ഥ പ്രതികൂലമായതിനാൽ ഫോറസ്റ്റ്, റവന്യൂ വകുപ്പുകളുടെ സംയുക്ത സംഘത്തിന് ഉള്ളിൽ കയറി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഒഴുകിയെത്തുന്ന മണ്ണിന്റെയും വെള്ളത്തിന്റെയും അളവ് വെച്ച് ഉരുൾപൊട്ടൽ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം.
മുൻകരുതൽ നടപടിയുടെ ഭാഗമായി ആലക്കോട് നിന്നും താബോറിലേക്ക് പോകുന്ന ഉദയഗിരി-താബോർ ചുരം റോഡ് താൽക്കാലികമായി അടച്ചിട്ടു. ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. ആഗസ്റ്റ് ഒന്നിന് ഇതേ മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായിരുന്നു.അന്നുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഭൂരിഭാഗം ആളുകളും നേരത്തെ തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറിയിരുന്നു. അതിനാൽ നിലവിൽ വീടുകളിൽ ആളുകൾ വളരെ കുറവാണ്.

നിലവിൽ വീടുകളിൽ അവശേഷിക്കുന്ന ചുരുക്കം ആളുകളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ റവന്യൂ, പൊലീസ് സംഘങ്ങൾ ആരംഭിച്ചിട്ടുണ്ട്. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരോട് ഉടൻ ഒഴിയാൻ നിർദേശം നൽകി.സ്ഥലത്ത് കെഎസ്ഇബി, ഫയർഫോഴ്‌സ്, എൻഡിആർഎഫ് സംഘങ്ങളെയും സ്റ്റാൻഡ് ബൈ ആക്കിയിട്ടുണ്ട്. 24 മണിക്കൂറും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്.

“നിലവിൽ വലിയ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആളുകൾ സുരക്ഷിതരാണ്. എന്നാൽ മഴ ശക്തമായി തുടരുന്നതിനാൽ ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പാലിക്കണം” എന്ന് അധികൃതർ വ്യക്തമാക്കി.കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ മലയോര മേഖലയിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാനും, മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാനും ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Back to top button