
താമരശ്ശേരി : ഗുരുതരമായ പാരിസ്ഥിതിക മലിനീകരണ മുണ്ടാക്കുന്നു വെന്ന നാട്ടുകാരുടെ നിരന്തരമായ പരാതികളെ തുടർന്ന് താമരശേരിയിലെ ‘ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്’ അടച്ചുപൂട്ടാൻ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കർശന ഉത്തരവ്.
കമ്പനിയുടെ എല്ലാവിധ പ്രവർത്തനങ്ങളും അടിയന്തരമായി നിർത്തിവെക്കാൻ ബോർഡ് ചെയർപേഴ്സണ്‍ 2026 ആഗസ്റ്റ് 5ന് ഇറക്കിയ ക്ലോഷർ ഓർഡറില്‍ നിർദേശിച്ചു. താമരശേരി കരിമ്പാലക്കുന്ന് അമ്പായത്തോട്ടിലെ സില്‍വർ സാൻഡ് ക്രഷറിന് സമീപം പ്രവർത്തിക്കുന്ന യൂണിറ്റിനെതിരെയാണ് നടപടി.
ഇവിടെ നിന്നും സമീപത്തെ ജനവാസ മേഖലയിലേക്ക് വലിയ തോതില്‍ മാലിന്യം ഒഴുകിയെത്തുന്നത് നാട്ടുകാരില്‍ വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു. ഈ വിഷയത്തില്‍ നിരവധി തവണ പൊതുജനങ്ങളില്‍ നിന്നും ബോർഡിന് പരാതികള്‍ ലഭിച്ചിരുന്നു.
മുൻപ് സമാനമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടർന്ന് 1986ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഈ സ്ഥാപനത്തില്‍ നിന്ന് പിഴ ഈടാക്കിയിരുന്നു. എന്നാല്‍ ഇതിന് ശേഷവും കമ്പനി മലിനീകരണം തുടരുകയായിരുന്നു.
മലിനീകരണ പ്രശ്നങ്ങള്‍ക്ക് യാതൊരുവിധ പരിഹാരവും കാണാത്തതിനാലും, ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ തുടരുന്നതിനാലുമാണ് ഇപ്പോള്‍ കർശന നടപടിയിലേക്ക് ബോർഡ് കടന്നത്. 1974ലെ ജല മലിനീകരണ (തടയലും നിയന്ത്രണവും) നിയമത്തിലെ സെക്ഷൻ 33A, 1981ലെ വായു മലിനീകരണ (തടയലും നിയന്ത്രണവും) നിയമത്തിലെ സെക്ഷൻ 31A എന്നീ വകുപ്പുകള്‍ പ്രകാരം ബോർഡിന് ലഭിച്ചിട്ടുള്ള പ്രത്യേക അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഈ സ്ഥാപനം പൂർണമായും അടച്ചുപൂട്ടാൻ ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അറവുശാലാ മാലിന്യങ്ങളും കോഴി മാലിന്യങ്ങളും സംസ്കരിക്കുന്നതിനായി സ്ഥാപിച്ച പൗള്‍ട്രി റെൻഡറിങ് പ്ലാന്റാണ് ഫ്രഷ് കട്ട് ഓർഗാനിക്സ്. എന്നാല്‍ അനുവദനീയമായതിലും പതിന്മടങ്ങ് മാലിന്യം ഇവിടെ സംസ്കരിക്കുന്നതായി നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. 20 ടണ്‍ മാത്രം ശേഷിയുള്ള പ്ലാന്റില്‍ 200 ടണ്ണോളം മാലിന്യം ദിവസവും എത്തുന്നുണ്ടെന്നായിരുന്നു നാട്ടുകാരുടെ പ്രധാന പരാതി.
മാലിന്യ സംസ്കരണത്തിലെ അപാകതകള്‍ മൂലം രൂക്ഷമായ ദുർഗന്ധവും, സമീപത്തെ ഇരുതുള്ളി പുഴയിലുള്‍പ്പെടെയുണ്ടായ വലിയ തോതിലുള്ള ജല മലിനീകരണവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഇത് താമരശ്ശേരി, കട്ടിപ്പാറ, കോടഞ്ചേരി, ഓമശേരി തുടങ്ങിയ സമീപ പഞ്ചായത്തുകളിലെ അയ്യായിരത്തോളം കുടുംബങ്ങളെ സാരമായി ബാധിച്ചിരുന്നു.
ഇതിനെതിരെ ജനകീയ കർമസമിതിയുടെയും ഇരുതുള്ളി റിവർ പ്രൊട്ടക്ഷൻ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ കഴിഞ്ഞ കുറേ വർഷങ്ങളായി ശക്തമായ രാപ്പകല്‍ സമരങ്ങളും പ്രതിഷേധങ്ങളും പ്രദേശത്ത് നടന്നു വരികയായിരുന്നു. മലിനീകരണ പ്രശ്നം രൂക്ഷമാവുകയും ജനകീയ പ്രതിഷേധം ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് പ്രദേശവാസികളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഈ അന്തിമ നടപടി ഉണ്ടായിരിക്കുന്നത്.





