Thiruvananthapuram

ആശങ്കപ്പെടേണ്ട സാഹചര്യമില്ല; മഴക്കെടുതിയിൽ കേരളത്തിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

Please complete the required fields.




തിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്ഥാനത്ത് സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അടിയന്തരയോഗം ചേർന്ന് സ്ഥിതിഗതികൾ വിശദമായി വിലയിരുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി രണ്ട് ഹെലികോപ്റ്ററുകൾ എത്തിച്ചിട്ടുണ്ടെന്നും എന്‍ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ സേനകളുടെ ശക്തമായ സാന്നിധ്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ 316 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 11,018 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കൃത്യമായി വിതരണം ചെയ്യുന്നുണ്ട്. മഴക്കെടുതിയിൽ ഇതുവരെ 15 പേരുടെ ജീവൻ നഷ്ടപ്പെടുകയും 7 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

മുൻകരുതലിന്റെ ഭാഗമായി കഴിഞ്ഞ 30-ാം തീയതി തന്നെ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം 165 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചിട്ടുണ്ട്. പ്രധാന അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് താഴ്ന്ന നിലയിലാണുള്ളതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. എന്നാൽ അണക്കെട്ടുകളിൽ നിന്ന് രാത്രി വെള്ളം ഒഴുക്കിവിടുന്നുണ്ടെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്.

ഇത്തരം അടിസ്ഥാനരഹിതമായ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. രാത്രികാലങ്ങളിൽ വെള്ളം തുറന്നുവിടുന്നുണ്ടോ എന്ന് നേരിട്ട് വിലയിരുത്താൻ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കടലാക്രമണ സാധ്യതയുള്ള പ്രദേശങ്ങൾ പ്രത്യേകമായി നിരീക്ഷിക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ദുരന്തത്തിൽ മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്കായി ബന്ധുക്കൾക്ക് 10,000 രൂപ വീതം നൽകും. കൂടാതെ വീടുകളിൽ വെള്ളം കയറിയ കുടുംബങ്ങൾക്ക് അടിയന്തര സഹായമായി 10,000 രൂപയും അനുവദിക്കും. ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് പ്രതിസന്ധി പൂർണ്ണമായി തീരുന്നത് വരെ ദിവസേന 300 രൂപ വീതം ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി.

Related Articles

Back to top button