സർക്കാർ ശമ്പളം വാങ്ങി സ്വകാര്യ പ്രാക്ടീസ്; വയനാട് മെഡിക്കൽ കോളേജ് ഡോക്ടർക്കെതിരെ വിജിലൻസ് കേസ്

കോഴിക്കോട്: സർക്കാർ സർവീസിൽ നിന്ന് മാസ ശമ്പളം കൈപ്പറ്റിക്കൊണ്ട് സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് നടത്തിയ വയനാട് മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ വിജിലൻസ് കേസ്. വയനാട് സർക്കാർ മെഡിക്കൽ കോളേജിലെ കാർഡിയാക് തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. വി. ശിവപ്രസാദിനെതിരെയാണ് കോഴിക്കോട് വിജിലൻസ് യൂണിറ്റ് കേസെടുത്തത്.
കഴിഞ്ഞ മാസം ഡിവൈഎസ്പി കെ.കെ. ബിജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്. കോട്ടക്കലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് നടത്തുന്നതിനിടെയാണ് ഡോക്ടറെ വിജിലൻസ് സംഘം പിടികൂടിയത്.തുടർന്ന് വിജിലൻസ് ഡയറക്ടർക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും കേസെടുക്കാൻ അനുമതി ലഭിക്കുകയും ചെയ്തു.കേസിന്റെ തുടരന്വേഷണത്തിനായി പ്രത്യേക സംഘത്തെ അടുത്ത ദിവസം ചുമതലപ്പെടുത്തും.
വിജിലൻസിന്റെ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഡോ. ശിവപ്രസാദ് വയനാട് മെഡിക്കൽ കോളേജിൽ നിന്ന് മാസം 3 ലക്ഷം രൂപ ശമ്പളം കൈപ്പറ്റുന്നുണ്ട്. ഇതിന് പുറമെയാണ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് 7 ലക്ഷം രൂപ കൂടി മാസ ശമ്പളമായി വാങ്ങിയിരുന്നത്.
സർക്കാർ സേവന നിയമങ്ങൾ ലംഘിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തിയതിനാണ് കേസ്. സർക്കാർ ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടീസ് നിരോധിച്ചിട്ടുള്ളതാണ്.വിജിലൻസ് യൂണിറ്റിലെ ഇൻസ്പെക്ടർ കെ. ശംഭുനാഥ്, എസ്ഐമാരായ സന്തോഷ് കുമാർ, അബ്ദുൽസലാം, സിവിൽ പോലീസ് ഓഫീസർമാരായ ശോജി, രാഹുൽ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.സംഭവത്തിൽ ആരോഗ്യ വകുപ്പും നടപടി സ്വീകരിക്കും. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് തടയാൻ കർശന നിരീക്ഷണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.





