Kannur

പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടാക്രമണക്കേസ്: നാല് സിപിഎം പ്രവർത്തകരെ കോടതി വെറുതെ വിട്ടു

Please complete the required fields.





കണ്ണൂർ: പയ്യന്നൂർ കുന്നരുവിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട് ആക്രമിച്ച കേസിൽ നാല് സിപിഎം പ്രവർത്തകരെ തളിപ്പറമ്പ് അഡീഷനൽ ജില്ലാ കോടതി വെറുതെ വിട്ടു. ആർഎസ്എസ് പ്രവർത്തകനായ എ.കെ ഉണ്ണികൃഷ്ണന്റെ വീട് ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വിധി.

2017 ജൂലൈ 11ന് നടന്ന സംഭവത്തിലാണ് കേസെടുത്തത്. പയ്യന്നൂരിലെ ഡിവൈഎഫ്ഐ നേതാവായിരുന്ന ധനരാജിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ സിപിഎം സംഘടിപ്പിച്ച അനുസ്മരണ പരിപാടികൾക്ക് പിന്നാലെയാണ് സംസ്ഥാനത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
അന്ന് പയ്യന്നൂരിൽ ഡിവൈഎഫ്ഐ-ബിജെപി പ്രവർത്തകർ തമ്മിൽ പലയിടങ്ങളിലും ഏറ്റുമുട്ടലുണ്ടായി. ആദ്യം ഒരു ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീട് ആക്രമിക്കപ്പെട്ടു. ഇതിന് തൊട്ടുപിന്നാലെയാണ് കുന്നരുവിലെ ആർഎസ്എസ് പ്രവർത്തകൻ എ.കെ ഉണ്ണികൃഷ്ണന്റെ വീട് ആക്രമിക്കപ്പെട്ടത്.

വെല്ലൂർ കോറമ്മൽ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഉണ്ണികൃഷ്ണന്റെ വീട്ടിൽ മാരകായുധങ്ങളുമായെത്തിയ സംഘം വീട് അടിച്ചുതകർക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ആക്രമണത്തിൽ ഏകദേശം 6 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായും പരാതിയിൽ പറയുന്നു.

ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു ആരോപണം.കേസിൽ പ്രോസിക്യൂഷൻ സാഹചര്യ തെളിവുകൾ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ പ്രതികൾക്കെതിരെയുള്ള കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.തെളിവുകളുടെ അഭാവമാണ് വിട്ടയക്കാൻ കാരണമെന്ന് ജഡ്ജി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ നാല് സിപിഎം പ്രവർത്തകരെയും കോടതി വെറുതെ വിടുകയായിരുന്നു. രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന ആക്രമണങ്ങളിലൊന്നായിരുന്നു ഇത്. കേസിലെ വിധി ഇരുകൂട്ടർക്കിടയിലും ചർച്ചയായിട്ടുണ്ട്.

Related Articles

Back to top button