Kasargod
സ്വപ്നവീട്ടിലേക്ക് താമസം മാറിയത് ഒരുമാസം മുൻപ്, കാസർകോട് സൈനികന്റെ ഭാര്യയുടെ ആത്മഹത്യ, അസ്വാഭാവിക മരണത്തിന് കേസെടുത്തു

കാസർകോട്: സൈനികന്റെ ഭാര്യയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആദൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു . ഒരു മാസം മുമ്പാണ് കുടുംബം പുതുതായി നിർമിച്ച വീട്ടിലേക്ക് താമസം മാറിയത്. ഗൃഹപ്രവേശന ചടങ്ങിനു പിന്നാലെ രാജേഷ് നാഗാലാൻഡിലേക്ക് പോയിരുന്നു.
പുതുതായി പണിത വീടിന്റെ മുകൾനിലയിലെ കിടപ്പുമുറിയിൽ ഫാനിൽ ഷാൾ കെട്ടി തൂങ്ങിയ നിലയിലാണ് യുവതിയെ കണ്ടെത്തിയത് . കാറഡുക്ക ഗ്രാമപഞ്ചായത്തിലെ കർമന്തൊടി മൂടാംകുളത്ത് സൗപർണികയാണ് (41) മരിച്ചത്. നാഗാലാൻഡിൽ സൈനികനായി സേവനമനുഷ്ഠിക്കുന്ന രാജേഷ് കുമാറിന്റെ ഭാര്യയാണ് .
ബന്ധുക്കളും നാട്ടുകാരും ചേർന്ന് മുള്ളേരിയയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.





