
കോഴിക്കോട് : സൗത്ത് ബീച്ചിലെ ലോഡ്ജിൽ താമസിച്ച് എം.ഡി.എം.എ. വിൽപ്പന നടത്തിയ യുവാവ് ഒരുവർഷത്തിനുള്ളിൽ നാലാംതവണയും പോലീസ് പിടിയിൽ. നല്ലളം അരീക്കാട് കിളിച്ചേരിപറമ്പിൽ (ടി.കെ. ഹൗസിൽ) സാജിദ് ജമാൽ അഹമ്മദ് (27) നെയാണ് 37.170 ഗ്രാം എം.ഡി.എം.എ.യുമായി കോഴിക്കോട് സിറ്റി നർക്കോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ ഉല്ലാസ് കുമാറിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫും, ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എൻ.കെ. പ്രിയന്റെ നേതൃത്വത്തിലുള്ള ടൗൺപോലീസും ചേർന്നാണ് അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്, മയക്കുമരുന്ന് വിറ്റുകിട്ടിയ 4630 രൂപ, ചെറിയ പാക്കറ്റുകളാക്കുന്നതിനുള്ള സിപ്പ് ലോക്ക് കവറുകൾ, മൂന്ന് മൊബൈൽ ഫോണുകൾ എന്നിവ ഇയാളുടെ മുറിയിൽനിന്ന് കണ്ടെടുത്തു.
നഗരത്തിലെ ലഹരിസംഘത്തിലെ പ്രധാനിയാണ് സാജിദ്. ബെംഗളൂരുവിൽ പോയി വൻകിട ഇടപാടുകാരിൽനിന്ന് മയക്കുമരുന്ന് വാങ്ങി സ്വകാര്യ ലോഡ്ജുകളിൽ മുറിയെടുത്ത് വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി. കോഴിക്കോട് ബീച്ച്, നല്ലളം, മാങ്കാവ്, പന്തീരാങ്കാവ്, രാമനാട്ടുകര എന്നിവിടങ്ങളാണ് പ്രധാന കേന്ദ്രങ്ങൾ. യുവാക്കളും വിദ്യാർഥികളുമായിരുന്നു ഇയാളിൽനിന്ന് പ്രധാനമായും മയക്കുമരുന്ന് വാങ്ങിയിരുന്നത് സ്കൂൾ അവധിക്കാലമായതിനാൽ ആവശ്യക്കാരേറെയാണെന്നും ഒരുപാട് പെൺകുട്ടികൾ തന്നിൽനിന്ന് മയക്കുമരുന്ന് വാങ്ങുന്നുണ്ടെന്നും പ്രതി പറഞ്ഞു. ഒരുവർഷത്തിനിടെയാണ് നാലാംതവണ പിടിയിലാവുന്നത്. മുൻപ് ഇയാളുടെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയിരുന്ന പോലീസിനുനേരേ റോട്ട് വീലർ നായയെ അഴിച്ചുവിട്ടിരുന്നു.
കുറച്ചുദിവസങ്ങളായി സാജിദ് ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയിലൂടെ സമ്പാദിക്കുന്ന പണം ആർഭാടജീവിതത്തിനും മയക്കുമരുന്ന് ഉപയോഗത്തിനുമാണ് പ്രതി ഉപയോഗിച്ചിരുന്നത്.





