Kerala

പാറശാലയിൽ ക്ഷേത്രത്തിൽ മോഷണശ്രമം; ശ്രീകോവിലിൽ തൊഴുത് മോഷണം നടത്താൻ ശ്രമിച്ച കള്ളന്മാർ സിസിടിവി കെണിയിൽ കുടുങ്ങി

Please complete the required fields.




പാറശാല: പേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി മോഷണം നടത്താൻ ശ്രമിച്ച രണ്ട് തരുതലപ്പന്മാരെ ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറി.

പാറശാല കുറുങ്കുട്ടി സ്വദേശി സതീഷ് കുമാർ (44), അമ്പൂരി തേക്കുപാറ കീഴ്കുത്തൂർ നിഷഭവനിൽ രതീഷ് (39) എന്നിവരാണ് നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ കുടുങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി ക്ഷേത്ര കോമ്പൗണ്ടിനുള്ളിൽ അതിക്രമിച്ച് കടന്ന ഇരുവരും ശ്രീകോവിലിന് മുന്നിലെത്തി ഭക്തിപൂർവ്വം തൊഴുത ശേഷമാണ് മോഷണത്തിലേക്ക് കടന്നത്.എന്നാൽ ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന ആധുനിക സിസിടിവി ക്യാമറകൾ ഈ അസ്വാഭാവിക നീക്കങ്ങൾ കൃത്യമായി തിരിച്ചറിയുകയും ക്ഷേത്ര ഭാരവാഹികളുടെ ഫോണുകളിലേക്ക് അടിയന്തര അപകട സന്ദേശം (അലർട്ട്) അയക്കുകയുമായിരുന്നു.

സന്ദേശം ലഭിച്ച ഉടൻ തന്നെ ക്ഷേത്ര ഭാരവാഹികളും സമീപവാസികളായ നാട്ടുകാരും കൂട്ടത്തോടെ ക്ഷേത്ര പരിസരത്തേക്ക് ഓടിയെത്തി. ഓടിയൊളിക്കാൻ ശ്രമിച്ച കള്ളന്മാരെ നാട്ടുകാർ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.തുടർന്ന് പാറശാല പൊലീസിനെ വിവരമറിയിക്കുകയും സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് ഇരുവരെയും കൈമാറുകയും ചെയ്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പ്രദേശത്തെ മറ്റ് മോഷണങ്ങളുമായി ഇവർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

Related Articles

Back to top button