Malappuram

പി.എം ശ്രീ; ‘മുന്നോട്ട് പോകണോ എന്ന് യുഡിഎഫ് രാഷ്ട്രീയ തീരുമാനം എടുക്കും’-എൻ. ഷംസുദ്ദീൻ

Please complete the required fields.




മലപ്പുറം: പി.എം ശ്രീയുമായി മുന്നോട്ട് പോകണോ എന്നത് സംബന്ധിച്ച് യുഡിഎഫ് രാഷ്ട്രീയ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പി.എം.ശ്രീയിൽ 93 കോടി രൂപ കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീയിൽ കൃത്യമായ നിലപാട് ഉണ്ട്. നിയമവശം കൂടി പരിശോധിക്കേണ്ടതുണ്ടെന്നും എൻ.ഷംസുദ്ദീൻ പറഞ്ഞു.

അധികാരത്തിൽ എത്തിയാൽ പിഎംശ്രീ നടപ്പാക്കില്ല എന്നാണ് യുഡിഎഫ് പറഞ്ഞത്. കഴിഞ്ഞ സർക്കാർ ഒപ്പിട്ട് 93 കോടി വാങ്ങിയിട്ടുമുണ്ട്. ഒപ്പിട്ട സാഹചര്യത്തിൽ എങ്ങനെ അതിൽ നിന്ന് പിന്നോട്ട് പോവും എന്ന കാര്യം നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീയിൽ ഒപ്പിടില്ല എന്നാണ് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി മലബാർ ജില്ലകളിൽ കൂടുതൽ സീറ്റ് അനുവദിക്കേണ്ടിവരുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. പ്ലസ് വൺ അധിക ബാച്ചുകളിലുൾപ്പെടെ ആദ്യം തന്നെ അലോട്ട്‌മെന്റ് നടത്തും. പ്രതിസന്ധി വന്നാൽ മറ്റ് പ്രതിവിധികൾ ആലോചിക്കും ഈ മാസം 30 നുള്ളിൽ പാഠപുസ്തക വിതരണം പൂർത്തിയാക്കും. പാഠപുസ്തകം അച്ചടി പൂർത്തിയായിട്ടുണ്ട് എന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ ഹൈസ്കൂൾ ക്ലാസുകളിൽ പഠനസമയം അരമണിക്കൂർ വർധിപ്പിച്ചത് ഈ അധ്യയന വർഷവും തുടരും. സ്‌കൂൾ കലണ്ടർ പ്രകാരം 197 സാധാരണ പഠനദിനങ്ങളാണ്‌ 2026–27 അധ്യയനവർഷമുള്ളത്‌. ആകെ 985 മണിക്കൂർ. വിദ്യാഭ്യാസ അവകാശ നിയമവും കേരള വിദ്യാഭ്യാസ ചട്ടങ്ങളും പ്രകാരം ഹൈസ്‌കൂളിൽ 220 ദിവസം അല്ലെങ്കിൽ 1100 മണിക്കൂറാണ് നിശ്ചയിച്ചിട്ടുള്ളത്. ഇത്‌ ഉറപ്പാക്കുന്നതിനാണ്‌ മുൻവർഷത്തെ രീതി പിന്തുടരുക.

വെള്ളി ഒഴികെയുള്ള ദിവസങ്ങളിലാണ്‌ അര മണിക്കൂർ അധിക ക്ലാസുകൾ ഉണ്ടാവുക. രാവിലെ 15 മിനുട്ടും ഉച്ചകഴിഞ്ഞ് 15 മിനുട്ടും അധികസമയം ഉൾപ്പെടുത്തി കഴിഞ്ഞവർഷം പിരീഡ് ക്രമീകരിച്ചിരുന്നു. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ 800 മണിക്കൂറും യുപി ക്ലാസുകളിൽ ആയിരം മണിക്കൂറുമാണ്‌ നിഷ്‌കർഷിച്ചിട്ടുള്ളത്‌. എൽപിയിൽ നിലവിലെ പ്രവൃത്തിദിനങ്ങൾ മതിയാകും. യുപിയിൽ 15 മണിക്കൂറിന്റെ കുറവുണ്ട്‌. ഇത്‌ മൂന്ന്‌ ശനിയാഴ്ചകൾ പ്രവർത്തിദിനമാക്കി പരിഹരിക്കും. ഹൈസ്‌കൂളിൽ ആറു ശനിയാഴ്ച പ്രവൃത്തിദിനമാക്കും.

വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ പ്രകാരം വിദ്യാഭ്യാസ വിദ​ഗ്​ധരുമായി കൂടിയാലോചിച്ച്‌ വിദ്യാഭ്യാസ കലണ്ടർ തയ്യാറാക്കാൻ 2024 ഓ​ഗസ്റ്റിൽ ഹൈക്കോടതി നി‍ർദേശം നൽകിയിരുന്നു. തുടർന്ന്‌ സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതി അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, സ്‌കൂൾ കൗൺസിലേഴ്‌സ് തുടങ്ങിയവരുമായി ആശയ വിനിമയം നടത്തി സമിതി റിപ്പോർട്ട്‌ സമർപ്പിച്ചു.ഇതിന്റെ അടിസ്ഥാനത്തിലാണ്‌ കഴിഞ്ഞവർഷം സമയമാറ്റം നടപ്പാക്കിയത്‌. പ്രായോഗിക പ്രശ്‌നങ്ങൾ അറിയാമായിരുന്നിട്ടും കോൺഗ്രസ്‌, ലീഗ്‌ അനുകൂല അധ്യാപക സംഘടനകൾ ഇത്‌ വലിയ വിവാദമാക്കി. എന്നാൽ യുഡിഎഫ്‌ അധികാരത്തിലെത്തിയപ്പോൾ അന്ന്‌ പ്രതിഷേധിച്ചവർ ഇന്ന് ഈ സമയക്രമവുമായി മുന്നോട്ടു പോകുകയാണ്.

Related Articles

Back to top button