മഡിവാള ബലാത്സംഗക്കേസ്: ഒന്നാം പ്രതി ഹൈനസ് അറസ്റ്റിൽ; വീഴ്ച വരുത്തിയ സബ് ഇൻസ്പെക്ടർക്കെതിരെ വകുപ്പുതല അന്വേഷണം

ബെംഗളൂരു: മഡിവാളയിൽ മലയാളി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ ഒന്നാം പ്രതി ഹൈനസിനെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. കേരളത്തിൽ നിന്നാണ് കർണാടക പൊലീസ് ഇയാളെ പിടികൂടിയത്. പ്രതിയെ നിലവിൽ ബെംഗളൂരുവിൽ എത്തിച്ചിട്ടുണ്ട്. ഇയാളെ വയനാട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ലഭിക്കുന്ന സൂചനകൾ.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഹൈനസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷമായിരിക്കും കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങുന്ന കാര്യത്തിൽ തീരുമാനമാവുക.
മേയ് 12-നാണ് മഡിവാളയിലെ താമസസ്ഥലത്ത് വെച്ച് ഇരുപതുകാരിയായ മലയാളി പെൺകുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്തത്. തൊട്ടടുത്ത ദിവസം തന്നെ പെൺകുട്ടിയും സുഹൃത്തുക്കളും പരാതിയുമായി മഡിവാള പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാൻ അധികൃതർ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. പരാതി നൽകാനെത്തിയ പെൺകുട്ടിയോട് പൊലീസ് അപമാനിക്കുന്ന രീതിയിൽ പെരുമാറിയതായും, ഇതിനിടെ പ്രതി പെൺകുട്ടിയെ നേരിട്ടെത്തി ഭീഷണിപ്പെടുത്തിയതായും വിവരങ്ങളുണ്ട്.





