മഡിവാള പീഡനക്കേസ്: മലയാളി പെൺകുട്ടിയെയും സുഹൃത്തുക്കളെയും ഹണി ട്രാപ്പിൽ പെടുത്താൻ പ്രതിയുടെ ശ്രമം

ബെംഗളൂരു: മഡിവാളയിൽ മലയാളി വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതിയുടെ ഭാഗത്തുനിന്നും പൊലീസിൽ നിന്നും തങ്ങൾക്ക് കടുത്ത അനീതിയാണ് നേരിടേണ്ടി വരുന്നതെന്ന് പെൺകുട്ടിയും സുഹൃത്തുക്കളും. തനിക്കെതിരെ പെൺകുട്ടിയും സംഘവും ഹണി ട്രാപ്പിന് ശ്രമിച്ചു എന്ന് കാണിച്ച് പ്രതിയായ വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹൈനസ് പൊലീസിൽ പരാതി നൽകിയിരുന്നു.
ഒളിവിൽ പോകുന്നതിന് തൊട്ടുമുൻപാണ് പ്രതി ഈ പരാതി നൽകിയത്. തുടർന്ന് പെൺകുട്ടിയും സുഹൃത്തുക്കളും ബെംഗളൂരു നോർത്ത് ഡിസിപിയെ സമീപിച്ചപ്പോഴാണ് ഈ വിവരമറിയുന്നത്. എന്നാൽ പ്രതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ല.
മെയ് 12-നാണ് കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടി പീഡനത്തിനിരയായത്. തൊട്ടടുത്ത ദിവസം രാവിലെ ഏഴ് മണിക്ക് പരാതിയുമായി മഡിവാള സ്റ്റേഷനിലെത്തിയെങ്കിലും രാത്രി 11 മണിവരെ ഇവരെ കാത്തിരുത്തിച്ചു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പോലും പൊലീസ് തയ്യാറായില്ല.
കേസ് ഒത്തുതീർപ്പാക്കുന്നതാണ് നല്ലതെന്നും ഇല്ലെങ്കിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നും പൊലീസുകാർ ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി പറയുന്നു. പൊലീസിന്റെ സമ്മർദ്ദത്തെ തുടർന്നാണ് ആദ്യം സ്റ്റേഷനിൽ വെച്ച് പരാതി ഒത്തുതീർപ്പാക്കാൻ ഇവർ തീരുമാനിച്ചത്.
പഠനത്തോടൊപ്പം സുഹൃത്തുക്കളുടെ കഫേയിൽ പെൺകുട്ടി പാർട്ട് ടൈം ആയി ജോലി ചെയ്തിരുന്നു. കഫേ വിൽക്കാൻ തീരുമാനിച്ചപ്പോൾ അതിന്റെ ഇടനിലക്കാരനായി വന്നത് ഹൈനസ് ആയിരുന്നു. കഫേയ്ക്ക് സമീപമുള്ള സുഹൃത്തുക്കളുടെ താമസസ്ഥലത്ത് പെൺകുട്ടി വിശ്രമിക്കുമ്പോൾ, വിൽപന കാര്യങ്ങൾ സംസാരിക്കാനെന്ന വ്യാജേന ഹൈനസ് മുറിയിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി. സ്റ്റേഷനിൽ വെച്ചും താമസസ്ഥലത്ത് എത്തിയും പ്രതി തങ്ങളെ ഭീഷണിപ്പെടുത്തിയതായും ഇവർ പറയുന്നു.
അതേസമയം, പരാതിക്കാരായ പെൺകുട്ടിയെയും സുഹൃത്തുക്കളെയും ലഹരിക്കേസിൽ കുടുക്കാൻ ശ്രമം നടക്കുന്നതായും സൂചനയുണ്ട്. വെള്ളിയാഴ്ച വൈകിട്ട് മഫ്തിയിലെത്തിയ പൊലീസ് സംഘം ഇവർ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്തുകയും തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെടുകയും ചെയ്തു. ഏതു നിമിഷവും തങ്ങൾ കള്ളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന കടുത്ത ആശങ്കയിലാണ് പെൺകുട്ടിയും സുഹൃത്തുക്കളും.





