ബിനീഷ് കോടിയേരിക്ക് സിപിഎമ്മിൽ ‘വിലക്ക്’? അംഗത്വം പുതുക്കാനുള്ള അപേക്ഷ തള്ളിയത് 4 തവണ

തിരുവനന്തപുരം: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കാൻ അനുമതി നൽകാതെ സിപിഎം സംസ്ഥാന നേതൃത്വം. അംഗത്വം പുതുക്കണമെന്ന് ആവശ്യപ്പെട്ട് ബിനീഷ് നൽകിയ അപേക്ഷ നാല് തവണയാണ് പാർട്ടി നിരസിച്ചത്.
2020-ൽ ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇഡി ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തതിനെത്തുടർന്നാണ് പാർട്ടി അംഗത്വം മരവിപ്പിച്ചത്. 2023-ൽ ഈ കേസിൽ നിന്ന് ബിനീഷ് കോടിയേരിയെ കോടതി പൂർണ്ണമായും കുറ്റവിമുക്തനാക്കിയിരുന്നു.
കുറ്റവിമുക്തനായ ശേഷം ജില്ലാ സെക്രട്ടറി വഴി അംഗത്വം പുതുക്കാൻ ബിനീഷ് നാല് തവണ അപേക്ഷ സമർപ്പിച്ചെങ്കിലും സംസ്ഥാന നേതൃത്വം തുടർച്ചയായി ഇത് തള്ളുകയായിരുന്നു.
ബിനീഷ് കോടിയേരിയെ പാർട്ടിയിൽ നിന്ന് നിരന്തരം മാറ്റിനിർത്തുന്നതിനെതിരെ കഴിഞ്ഞ ദിവസം നടന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ വലിയ വിമർശനം ഉയർന്നു.ബിനീഷ് നിരപരാധിയാണെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടും പാർട്ടി എന്തുകൊണ്ടാണ് അദ്ദേഹത്തെ തിരികെ എടുക്കാത്തതെന്ന ചോദ്യം യോഗത്തിൽ അംഗങ്ങൾ ഉന്നയിച്ചു.
കേസിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം കടുത്ത നിലപാട് തുടരുന്നതിലാണ് ജില്ലാ കമ്മിറ്റിയിൽ ഒരു വിഭാഗം അതൃപ്തി പ്രകടിപ്പിച്ചത്.





