Thiruvananthapuram
സംസ്ഥാനത്ത് മിൽമ പാൽ വില ലിറ്ററിന് 4 രൂപ വർദ്ധിപ്പിച്ചു; പുതിയ നിരക്ക് ജൂൺ ഒന്നു മുതൽ

തിരുവനന്തപുരം: കേരളത്തിൽ മിൽമ പാലിന്റെ വില വീണ്ടും വർദ്ധിപ്പിച്ചു. ലിറ്ററിന് നാല് രൂപയാണ് കൂട്ടിയത്. ജൂൺ മാസം ഒന്നാം തീയതി മുതൽ പുതിയ വില വർദ്ധനവ് പ്രാബല്യത്തിൽ വരുമെന്ന് മിൽമ അധികൃതർ അറിയിച്ചു.
തിരുവനന്തപുരത്ത് ചേർന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലാണ് വില കൂട്ടാനുള്ള അന്തിമ തീരുമാനമുണ്ടായത്. വർദ്ധിപ്പിക്കുന്ന തുകയിൽ 3.35 രൂപയും നേരിട്ട് കർഷകർക്ക് ലഭ്യമാകുന്ന രീതിയിലാണ് പുതിയ ക്രമീകരണമെന്ന് മിൽമ ചെയർമാൻ വ്യക്തമാക്കി.പാലിന് പുറമെ മിൽമയുടെ മറ്റ് പാൽ ഉത്പന്നങ്ങൾക്കും വില വർദ്ധിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. വേനൽക്കാലത്തെ കടുത്ത പാൽക്ഷാമവും കാലിത്തീറ്റ വിലവർദ്ധനവും മൂലം പ്രതിസന്ധിയിലായ ക്ഷീരകർഷകരെ സഹായിക്കാനാണ് ഈ നടപടിയെന്നാണ് മിൽമയുടെ വിശദീകരണം.
ജൂൺ ഒന്നു മുതൽ പുതിയ നിരക്ക് നിലവിൽ വരുന്നതോടെ ഉപഭോക്താക്കൾക്ക് ഇത് അധിക ബാധ്യതയാകും.





