
കാസര്‍കോട്: ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ജോലി സമയത്ത് അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്. കാസര്‍കോട് ജില്ലയിലെ ഹൈസ്‌കൂള്‍ പ്രഥമ അധ്യാപകര്‍ക്കാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നിര്‍ദേശം കൈമാറിയത്.
ജോലിക്കിടയില്‍ സ്‌കൂള്‍ അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായും ഇത് കുട്ടികളുടെ പഠനത്തെയും സ്വഭാവ രൂപീകരണത്തെയും സാരമായി ബാധിക്കുന്നുവെന്നും സൂചിപ്പിച്ച് വ്യാപക പരാതി ലഭിച്ചുവെന്നാണ് നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിലാണ് വിലക്ക്.ഔദ്യോഗിക ആവശ്യങ്ങള്‍ ഇല്ലാത്തപക്ഷം ക്ലാസ് മുറികളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ പാടുള്ളതല്ലെന്നും വിദ്യാഭ്യാസ ഓഫീസറുടെ സ്‌കൂള്‍ സന്ദര്‍ശന വേളയില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്.
ജോലി സമയത്ത് അധ്യാപകര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലായെന്നും സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇടപെടുന്നില്ലെയെന്നും പ്രധാനാധ്യാപകര്‍ ഉറപ്പുവരുത്തേണ്ടതാണെന്നും കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വ്യക്തമാക്കി.





