മന്ത്രിയായി വെറുപ്പ് സമ്പാദിക്കുന്നതിലും നല്ലത് എംഎൽഎ ആയി തുടരുന്നതാണ്; നിലപാട് വ്യക്തമാക്കി ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: മന്ത്രിയായി ജനങ്ങളുടെ വെറുപ്പ് സമ്പാദിക്കുന്നതിനേക്കാൾ തനിക്ക് താല്പര്യം എംഎൽഎ ആയി ജനമനസ്സുകളിൽ തുടരാനാണെന്ന് ചാണ്ടി ഉമ്മൻ. മന്ത്രിസ്ഥാനം ലഭിച്ചാൽ ഒരുപക്ഷേ ജനങ്ങളിൽ നിന്ന് അകലാനും വികസന കാര്യങ്ങളിൽ ചില പരിമിതികൾ വരാനും സാധ്യതയുണ്ടെന്നും, എപ്പോഴും ജനങ്ങളോടൊപ്പം നിൽക്കുന്നതിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിയാകുമെന്ന തരത്തിലുള്ള യാതൊരു സൂചനയും മുഖ്യമന്ത്രിയോ പാർട്ടി നേതൃത്വമോ തനിക്ക് നൽകിയിട്ടില്ല. താൻ മന്ത്രിയായി കാണണമെന്നത് ജനങ്ങളുടെ ആഗ്രഹമായിരിക്കാം, അതാകും മാധ്യമങ്ങളിൽ വാർത്തയായി വന്നത്. ഒരുപാട് പേർ ഈ ആഗ്രഹം തന്നോട് നേരിട്ട് പങ്കുവെച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2011 മുതൽ തന്നെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ അവസരമുണ്ടായിരുന്നിട്ടും മാറിനിന്നത് ചൂണ്ടിക്കാട്ടിയ ചാണ്ടി ഉമ്മൻ, പാർട്ടി തീരുമാനിക്കുമ്പോൾ മാത്രമേ ഏത് പദവിയും ഏറ്റെടുക്കൂ എന്ന നിലപാട് ആവർത്തിച്ചു. നിലവിൽ മണ്ഡലത്തിലും ജനങ്ങൾക്കിടയിലും പ്രവർത്തിക്കാൻ തനിക്ക് ധാരാളം സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുഖത്തിലും ദുഃഖത്തിലും ഒപ്പമുള്ള കുടുംബാംഗത്തെപ്പോലെയുള്ള എ.കെ. ആന്റണി ആവശ്യപ്പെട്ടതുകൊണ്ടാണ് ഇന്നലെ അദ്ദേഹത്തെ പോയി കണ്ടത്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മണ്ഡലത്തിൽ നിന്നെത്തിയ വലിയൊരു ജനക്കൂട്ടത്തോടൊപ്പം നടന്നുപോയതിൽ യാതൊരു പുതുമയുമില്ലെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചു.




