
തിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇടവ പൊട്ടക്കുളം സ്വദേശി ഷഹാനാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ഇടവയിൽ കായൽതീരത്ത് ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മഫ്തിയിലുള്ള എക്സൈസ് സംഘം സ്ഥലത്തെത്തിയത്. ഉദ്യോഗസ്ഥരെ കണ്ടയുടൻ യുവാവ് കായലിലേക്ക് ചാടുകയായിരുന്നു.
ഈ സമയം ഷഹാനൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. താഴെവെട്ടൂർ സ്വദേശിയായ മുഹമ്മദ് എന്ന യുവാവാണ് പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.





