പേരാമ്പ്രയിൽ ചുഴലിക്കാറ്റ്; മരങ്ങൾവീണ് പേരാമ്പ്ര ടൗണിലും സമീപപ്രദേശങ്ങളിലും വ്യാപക നാശനഷ്ടം

പേരാമ്പ്ര : തിങ്കളാഴ്ച വൈകീട്ടുണ്ടായ മഴയിലും ചുഴലിക്കാറ്റിലും മരങ്ങൾവീണ് പേരാമ്പ്ര ടൗണിലും സമീപപ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. വൈകീട്ട് മൂന്നോടെയാണ് സംഭവം. പേരാമ്പ്ര ബൈപ്പാസിൽ പൈതോത്ത് റോഡ് കവലയ്ക്ക് സമീപം തണൽമരം കടപുഴകി നിർത്തിയിട്ട രണ്ട് കാറുകൾക്ക് മുകളിൽ വീണു. ഒരു കാറിലുണ്ടായിരുന്ന കുടുംബം ഇറങ്ങി ഓടിമാറിയതിനാൽ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. എരവട്ടൂർ ഏരത്തുമുക്കിലെ റീനയും രണ്ടുകുട്ടികളുമാണ് രക്ഷപ്പെട്ടത്. സമീപത്തെ കടയിൽ പോയി തിരികെവന്ന ഇവർ കാറെടുത്ത് പോകാൻ ഒരുങ്ങവെയാണ് സമീപത്തെ പറമ്പിൽനിന്ന് മരം കടപുഴകിവീഴുന്നത് കണ്ടത്.
ഉടനെ വാഹനത്തിൽനിന്ന് ഇറങ്ങി ഓടിമാറുകയായിരുന്നു. അൽപ്പം മുന്നോട്ടെടുത്തിരുന്നുവെങ്കിൽ മരക്കൊമ്പ് മുകളിൽ പതിക്കുമായിരുന്നു. മരം ചെരിഞ്ഞ് മെല്ലെ വീണതിലാണ് ഇവർക്ക് ഓടിമാറാൻ കഴിഞ്ഞത്. കൂത്താളിയിലെ ഷാരോൺ ഡ്രൈവിങ് സ്കൂളിലെ കാറാണ് അടുത്ത് നിർത്തിയിട്ടിരുന്നത്.
രണ്ട് കാറുകൾക്ക് മുകളിലായാണ് ശിഖരങ്ങൾ വീണതെങ്കിലും നേരിട്ട് കാറിനുമുകളിൽ വലിയ കൊമ്പുകൾ പതിക്കാത്തതിനാൽ കാര്യമായ നാശനശഷ്ടം ഇരു കാറുകൾക്കുമുണ്ടായില്ല. രണ്ട് കാറുകളും ശിഖരങ്ങൾ മൂടിയ നിലയിലായിരുന്നു. അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കൊമ്പുകൾ മുറിച്ചുമാറ്റിയാണ് വാഹനങ്ങൾ മാറ്റിയത്. സമീപത്ത് നിർത്തിയിട്ട ഒരു സ്കൂട്ടറിനും നാശനഷ്ടമുണ്ടായി.
സംഭവത്തെ തുടർന്ന് ബൈപ്പാസിൽ ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
ചെമ്പ്ര റോഡിൽ പഴയ സംഗം തിയേറ്ററിന് അടുത്തുള്ള കെട്ടിടത്തിന് അരികെയുള്ള കോമ്പൗണ്ടിൽ നിർത്തിയിട്ട കാറിന് മുകളിലേക്കും തെങ്ങ് കടപുഴകിവീണു. ചെറുവണ്ണൂർ വാര്യൻകണ്ടി ഷബീറിന്റെ കാറാണ് തകർന്നത്. ഒട്ടേറെ മരങ്ങളും തെങ്ങും കാറ്റിൽ കടപുഴകിവീണു.
പേരാമ്പ്ര ജബലന്നൂർ കോളേജിന് സമീപം കനാൽറോഡിൽ നിർത്തിയിട്ട രണ്ട് കാറുകൾക്ക് മുകളിൽ മാവ് പൊട്ടിവീണ് നാശനഷ്ടമുണ്ടായി. ചാലിൽ നിശാന്ത്, ചാലിൽ അലി എന്നിവരുടെ കാറുകൾക്കാണ് നാശനഷ്ടമുണ്ടായത്.





