
കോഴിക്കോട് : നഗരത്തിൽ ഒരുക്കുമെന്നുപറഞ്ഞ പാർക്കിങ് പ്ലാസകൾ ഇന്നൊരു പഴങ്കഥയാണ്. പുതിയ സർക്കാർ അധികാരമേറ്റാലെങ്കിലും ഇത് നടപ്പാകുമോ എന്നാണ് ഗതാഗതക്കുരുക്കിൽ വലയുന്ന നഗരം ഉറ്റുനോക്കുന്നത്. പ്ലാസയ്ക്കായി ഏറ്റെടുത്ത സ്ഥലവും നടത്തുമെന്നുപറഞ്ഞ വാക്കുംമാത്രമാണ് ഇപ്പോഴും നാഥനില്ലാതെ തുടരുന്നത്.
പ്ലാസയ്ക്കായി കെട്ടിടംപൊളിച്ചുമാറ്റിയ കിഡ്സൺ കോർണറിലെ സ്ഥലമാണ് ഇപ്പോൾ നഗരത്തിലെത്തുന്നവരുടെ താത്കാലിക‘പാർക്കിങ്’ ആശ്വാസം. റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കിഡ്സൺ കോർണർ, സ്റ്റേഡിയം, ബീച്ച് എന്നിവിടങ്ങളിലാണ് പാർക്കിങ് പ്ലാസകൾക്കായി സ്ഥലംകണ്ടത്. റെയിൽവേസ്റ്റേഷൻ ലിങ്ക് റോഡിലെ പാർക്കിങ് പ്ലാസയാണ് കൂട്ടത്തിൽ സീനിയർ.
റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലെ പാർക്കിങ് പ്ലാസ : ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ-പാർക്കിങ് പ്ലാസയെന്ന ഖ്യാതിയോടെയാണ് 17 വർഷം മുൻപ് റെയിൽവേസ്റ്റേഷൻ ലിങ്ക് റോഡിൽ പദ്ധതി ആവിഷ്കരിച്ചത്. 23 സെന്റ് കോർപ്പറേഷൻ ഭൂമിയിൽ ഏഴുകോടിരൂപ നിർമാണച്ചെലവ് കണക്കാക്കിയ പദ്ധതി 2008-ലാണ് അംഗീകരിച്ചത്. 90 കാറും 25 ഇരുചക്രവാഹനവും നിർത്തിയിടാനുള്ള സൗകര്യമായിരുന്നു ഒരുക്കുന്നത്. പലകാരണംകൊണ്ട് പദ്ധതി നീണ്ടു. പിന്നീട് കരാറേറ്റെടുത്ത എന്നാറീസ് എൻജിനിയേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അഞ്ചുകോടിരൂപകൂടി ആവശ്യപ്പെട്ടു. അനാഥമായൊരു കെട്ടിടംമാത്രമായി ഈ പ്ലാസ. പാർക്കിങിന് ഇടമില്ലാത്തതിനാൽ ഗതാഗതക്കുരുക്ക് ഇവിെട സ്ഥിരം സംഭവമാണ്.





